Kottayam Local

ബോട്ടുജെട്ടിയുടെ വികസനം; ടൂറിസം മേഖലയില്‍ പുതിയ പ്രതീക്ഷ



ചങ്ങനാശ്ശേരി: പ്രതാപം നഷ്ടപ്പെട്ട ചങ്ങനാശ്ശേരി ബോട്ടുജെട്ടിയെ ടൂറിസം ജെട്ടിയായി ഉയര്‍ത്തിയതിനെ തുടര്‍ന്നുള്ള ടെന്‍ഡര്‍ ജോലികള്‍ അടുത്ത മാസം ആരംഭിക്കുന്നതോടെ മധ്യകേരളത്തിലെ ടൂറിസം മേഖലയില്‍ പുത്തന്‍ പ്രതീക്ഷക്കു സാധ്യത. കഴിഞ്ഞ സര്‍ക്കാരിന്റെ ഒടുവിലത്തെ ബജറ്റിലായിരുന്നു ചങ്ങനാശ്ശേരി ബോട്ടുജെട്ടിയെ ടൂറിസം ജെട്ടിയായി ഉയര്‍ത്തിയതും അതിനായി ബജറ്റില്‍ ഒരുകോടി രൂപ വകയിരുത്തിയതും. കുട്ടനാടിനെയും മലയോരമേഖലയെയും ബന്ധിപ്പിച്ച് സഞ്ചാരികളുടെ സംഗമകേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ബോട്ടുജെട്ടിയുമായി സന്ധിക്കുന്ന ജലപാതകള്‍ ആഴം വര്‍ധിപ്പിച്ചും വികസിപ്പിച്ചുമാവും പദ്ധതി നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഷിക്കാര്‍ വള്ളങ്ങള്‍ ക്രമീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഹൗസ് ബോട്ടുകള്‍ക്കും വലിയ യാത്രാബോട്ടുകള്‍ക്കും മറ്റും കടന്നുവരാന്‍ തടസ്സം സൃഷ്ടിച്ചു ഉയരം കുറഞ്ഞ നിലയില്‍ സ്ഥാപിച്ചിട്ടുള്ള പല പാലങ്ങളും ചങ്ങനാശ്ശേരി ബോട്ടുജെട്ടിയിലേക്കു സന്ധിക്കുന്ന തോടുകളിലുണ്ട്. ആസ്മാപാലം, പറാല്‍പാലം, വടക്കേക്കരപാലം, എസി പാലം എന്നിവ ഇതില്‍ ചിലതു മാത്രമാണ്. എന്നാല്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഈ പാലങ്ങള്‍ക്കടിയിലൂടെ ഷിക്കാര്‍ വള്ളങ്ങള്‍ക്കു കടന്നുവരാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം യാത്രാബോട്ടുകള്‍ക്കു കടന്നുവരാന്‍ ബുദ്ധിമുട്ടുസൃഷ്ടിച്ചു നിലകൊള്ളുന്ന എസി പാലം ഉയര്‍ത്തി പണിയാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടുമില്ല. ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെ ഏതു ബോട്ടുകള്‍ക്കും ചങ്ങനാശ്ശേരിയിലേക്കു കടന്നു വരണമെങ്കില്‍ എസി പാലം ഉയര്‍ത്തി പണിയേണ്ടതുണ്ട്. ഈ ആവശ്യം വര്‍ഷങ്ങളായി ഉയര്‍ന്നിട്ടുണ്ടെങ്കിലും പ്രശ്‌നം പരിഹരിക്കാനുള്ള ഒരു നീക്കവും എങ്ങുനിന്നു ഉണ്ടായിട്ടുമില്ല. ഒരുകാലത്ത് നിരവധി യാത്രാ ബോട്ടുകള്‍ ആലപ്പുഴയ്ക്കും എറണാകുളത്തിനും മറ്റും സര്‍വീസ് നടത്തിയിരുന്ന ജെട്ടിയായിരുന്നു ചങ്ങനാശ്ശേരിയിലേത്. എന്നാല്‍ ഇപ്പോള്‍ കേവലം രണ്ടു ബോട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതേസമയം ആലപ്പുഴയില്‍ നിന്ന് കുമളി ഭാഗത്തേയ്ക്കു പോവേണ്ട ടൂറിസ്റ്റുകള്‍ക്കു ഇപ്പോള്‍ റോഡ് മാത്രമാണ് പ്രധാന ആശയം. അതേസമയം ജലപാത വികസിതമായാല്‍ ടൂറിസ്റ്റുകള്‍ക്കു അത് ഏറെ സാഹയകവുമാവും. അടുത്ത മാസം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി പണികള്‍ ആരംഭിക്കുന്നതോടൊപ്പം ചെറിയ പാലങ്ങള്‍ ഉയര്‍ത്താനുള്ള നടപടികളും ആരംഭിച്ചെങ്കില്‍ മാത്രമെ ചങ്ങനാശ്ശേരി ബോട്ടുജെട്ടി പൂര്‍ണമായും ടൂറിസ്റ്റ് ജെട്ടിയായി ടൂറിസ്റ്റുകള്‍ക്കു പ്രയോജനപ്രദമാവുകയുള്ളു.
Next Story

RELATED STORIES

Share it