'ബോട്ടി' ഇനി ചൈനയിലേക്കും

കോഴിക്കോട്: ചൈനയിലെ വന്‍കിട റസ്റ്റോറന്റുകളില്‍ മലബാറിലെ തട്ടുകടകളിലെ തനി നാടന്‍ വിഭവത്തിന്റെ ഗന്ധം ഉയര്‍ന്നുതുടങ്ങി. നമ്മുടെ തട്ടുകടകളിലെ ജനപ്രിയ വിഭവമായ ബോട്ടി (കാളയുടെയും പോത്തിന്റെയും വൃത്തിയാക്കിയ ആമാശയം) യാണ് ചൈനയിലെ രുചിഭേദങ്ങള്‍ക്കൊപ്പം തീന്‍മേശയില്‍ എത്തുന്നത്. സൂപ്പ്, ഇസ്റ്റു, ഫ്രൈ, നൂഡില്‍സ്, സാന്‍വിച്ച് തുടങ്ങി വിവിധ തരത്തിലാണ് ബോട്ടിയുടെ ചൈനീസ് അവതരണം. ഇതുകൂടാതെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ടിന്നിലടച്ച ബോട്ടിയും ലഭിക്കുന്നുണ്ട്.
കേരളത്തിലെ ബീഫ് സ്റ്റാളുകളില്‍ നിന്നു ശേഖരിക്കുന്ന ബോട്ടി ആണ് ചൈനയില്‍ എത്തിക്കുന്നത്. ഏജന്റുമാര്‍ വഴിയാണ് ബോട്ടിയുടെ ചൈനയിലേക്കുള്ള യാത്ര. മുമ്പ് മാംസം വാങ്ങാന്‍ പണമില്ലാത്തവരാണ് കുറഞ്ഞ വിലയ്ക്ക് ബോട്ടി വാങ്ങി കഴുകി വൃത്തിയാക്കി ഉപയോഗിച്ചിരുന്നത്. ഗള്‍ഫ് കുടിയേറ്റത്തോടെ പ്രവാസികള്‍ ബോട്ടി മാഹാത്മ്യം പ്രചരിപ്പിച്ചപ്പോള്‍ ഇത് മലബാറില്‍ ബീഫിനൊപ്പം നില്‍ക്കുന്ന വിഭവമായി മാറി. മസാലയിലും കുരുമുളകു പൊടിയിലും മുങ്ങി നല്ലവണ്ണം വെന്തു പാകമായ ബോട്ടി മരച്ചീനിയും ചേര്‍ത്തു കഴിക്കുന്നവരുടെ എണ്ണം ഏറെയുണ്ടായി. ഇതോടെ പല ബീഫ് സ്റ്റാളുകളിലും ബോട്ടി കിട്ടാന്‍ നേരത്തെ പറഞ്ഞുവയ്‌ക്കേണ്ട അവസ്ഥയുമുണ്ടായി. പക്ഷേ, വന്‍കിട ഹോട്ടലുകള്‍ അപ്പോഴും ഇതിനോടു പുറംതിരിഞ്ഞു നിന്നു. തട്ടുകടകളിലെയും നാട്ടിന്‍പുറങ്ങളിലെ ചായക്കടകളിലെയും വിഭവമായി ബോട്ടി ഒതുങ്ങി. ഇതിനിടയിലായിരുന്നു ചൈനക്കാരുടെ വരവ്. മുംബൈയിലെ ഏജന്റുമാര്‍ വഴിയാണ് ചൈനക്കാര്‍ ബോട്ടിക്കായി കേരളത്തിലെത്തിയത്. കേരളത്തിലെ ബീഫ് സ്റ്റാളുകളില്‍ നിന്ന് ബോട്ടി നേരിട്ടു വാങ്ങുന്നതിനു പകരം ഇതിനായി മുബൈയിലെ ഏജന്റുമാരെ ചുമതലപ്പെടുത്തി. മുംബൈ വാലകള്‍ കേരളത്തില്‍ തന്നെ സബ് ഏജന്‍സികളെയും നിയമിച്ചു. ഇവരാണ് ബീഫ് സ്റ്റാളുകളില്‍ നിന്ന് ബോട്ടി ശേഖരിക്കുന്നത്.
ബീഫ് സ്റ്റാളുകളില്‍ നിന്ന് നിത്യവും ശേഖരിക്കുന്ന ബോട്ടി ഉപ്പിലിട്ടു സൂക്ഷിക്കുന്ന സംഭരണ കേന്ദ്രങ്ങള്‍ മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലുണ്ട്. ലോഡ് തികയുമ്പോള്‍ വലിയ ഡ്രമ്മുകളിലാക്കിയാണ് മുംബൈയിലേക്ക് കയറ്റി അയക്കുന്നത്. ഇവിടെ സംസ്‌കരിച്ച ശേഷം ചൈനയിലെത്തിക്കും.മാംസവ്യാപാരികള്‍ ബോട്ടി വില്‍പനയിലൂടെ വലിയ ലാഭമൊന്നും നേടുന്നില്ല.ബീഫ് നിരോധനത്തിന്റെ ഭീഷണികള്‍ക്കിടയില്‍ ബോട്ടി വ്യാപാരം നിലക്കുമെന്ന ആശങ്കയും വ്യാപാരികള്‍ക്കുണ്ട്.ഏജന്റുമാരും മുംബൈയിലെ കയറ്റുമതിക്കാരുമാണു നേട്ടമുണ്ടാക്കുന്നത്.
Next Story

RELATED STORIES

Share it