Alappuzha local

ബോട്ടിങ് നിലച്ചിട്ട് ഒരുവര്‍ഷം; പുനരാരംഭിക്കാന്‍ നടപടിയില്ല



രാജാക്കാട്: സഞ്ചാരികളുടെ കടന്നുവരവ് വര്‍ധിക്കുമ്പോളും ഒരുവര്‍ഷമായി നിലച്ച ബോട്ടിംഗ് പുനരാരംഭിക്കുന്നതിന് നടപടിയില്ല. മൂന്നാര്‍ കുണ്ടള അണക്കെട്ടിലെ ഹൈഡല്‍ ടൂറിസത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബോട്ടിങാണ് കഴിഞ്ഞ ഒരുവര്‍ഷമായി ഒരു കാരണവുമില്ലാതെ നിര്‍ത്തിവച്ചിരിക്കുന്നത്. നിരവധി സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രത്തില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. ഇത് വിനോദ സഞ്ചാര മേഖലയ്ക്കുതന്നെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ അധികമെത്തുന്ന പ്രദേശമാണ് കുണ്ടള. മുമ്പ് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ജലയാത്ര നടത്തുന്നതിന് പെഡല്‍ ബോട്ടും കശ്മീരി ശിക്കാരോ എന്ന തുഴച്ചില്‍ ബോട്ടും ഉണ്ടായിരുന്നു. പെഡല്‍ ബോട്ടും കശ്മീരിയും ഉള്ളത് ഇവിടെ മാത്രമാണ്. അതുകൊണ്ട് തന്നെ ഇവിടേക്ക് വ്യത്യസ്തമായ ജലയാത്ര നടത്തുന്നതിന് നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത്. ഇപ്പോളും നിലവില്‍ ബോട്ടിംഗ് നിര്‍ത്തിയതറിയാതെ നിരവധി സഞ്ചാരികള്‍ എത്തി നിരാശരായി മടങ്ങുന്നു. വന്‍തുക മുതല്‍മുടക്കി വാങ്ങിയ കശ്മീരി ബോട്ടുകള്‍ വെള്ളത്തില്‍ കിടന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്. മറ്റ് മുതല്‍മുടക്കിലാതെ പ്രതിദിനം പതിനായിരക്കണക്കിന് രൂപ വരുമാനം ലഭിച്ചിരുന്ന ബോട്ടിംഗ് നിര്‍ത്തിയത് തിരിച്ചടിയായി. ബോട്ടിംഗ് നിര്‍ത്തി ഒരു വര്‍ഷം പിന്നിടുമ്പോളും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോലും ഒരു സൗകര്യവും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it