ബോട്ടപകടം ഒഴിവാക്കാം എമര്‍ജന്‍സി ഫ്‌ളോട്ടിങ് സിസ്റ്റത്തിലൂടെ

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: ബോട്ടപകടം ഒഴിവാക്കാനുള്ള ആലപ്പുഴ താമരക്കുളം വിവിഎച്ച്എസ്എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ അഭിരാമി എസ് നായരുടെയും അപര്‍ണ എസ് പ്രതാപിന്റെയും കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രമേളയിലെ വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ ശ്രദ്ധനേടി. എമര്‍ജന്‍സി ഫ്‌ളോട്ടിങ് സിസ്റ്റമാണ് ഇവര്‍ വിഭാവനം ചെയ്തത്.
ബോട്ടില്‍ കൂടുതല്‍ ആളുകള്‍ കയറി താഴാന്‍ തുടങ്ങിയാല്‍ ഓട്ടോമാറ്റിക്കായി തന്നെ ബോട്ടിനടിയിലെ ട്യൂബില്‍ വായു നിറയുകയും ബോട്ട് ഉയരുകയും ചെയ്യും. ഇതോടെ അപകടാവസ്ഥ ഒഴിവാക്കാന്‍ കഴിയും. ബോട്ടിന് പിറകിലായി ഘടിപ്പിച്ചിരിക്കുന്ന ബോള്‍ ഉപയോഗിച്ചാണ് ബോട്ട് താഴുന്നുണ്ടോയെന്ന് തിരിച്ചറിയുന്നത്. ബോട്ടില്‍ തന്നെയുള്ള കംപ്രസറില്‍നിന്നാണ് വായു ട്യൂബിലേക്ക് എത്തുന്നത്. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഹൈപ്പോലിനും നിയോപിനും കൊണ്ടുള്ള ട്യൂബാണ് ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത്. അതിനാല്‍, ഇത് തകരുകയില്ല. ഇത്തരം അപകടമുണ്ടായാല്‍ അപായ സിഗ്‌നല്‍ മുഴങ്ങുന്നതിനും റേഡിയോ ട്രാന്‍സ്മിറ്റര്‍ വഴി കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കാനുള്ള സംവിധാനവും ബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന ഫോര്‍ട്ട് കൊച്ചി ബോട്ടപകടം എമര്‍ജന്‍സി ഫ്‌ളോട്ടിങ് സിസ്റ്റമുണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് അഭിരാമിയും അപര്‍ണയും പറയുന്നത്.
Next Story

RELATED STORIES

Share it