ബോട്ടപകടം: ഈ വര്‍ഷം 2500 അഭയാര്‍ഥികള്‍ മരിച്ചതായി യുഎന്‍

ന്യൂയോര്‍ക്ക്: ഈ വര്‍ഷം യൂറോപ്പ് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെ 2500ലധികം അഭയാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍). കഴിഞ്ഞയാഴ്ച മെഡിറ്ററേനിയന്‍ കടലില്‍ മൂന്നു ബോട്ടപകടങ്ങളിലായി നൂറുകണക്കിന് അഭയാര്‍ഥികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. 2510 അഭയാര്‍ഥികളാണ് ഈ വര്‍ഷം യൂറോപ്പ് യാത്രയ്ക്കിടെ മരണപ്പെട്ടതെന്നും ഇനിയും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്നു ഭയപ്പെടുന്നതായും യുഎന്‍എച്ച്‌സിആര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 1855 അഭയാര്‍ഥികളാണ് മുങ്ങിമരിച്ചത്. മെഡിറ്ററേനിയനിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് യുഎന്‍എച്ച്‌സിആര്‍ വക്താവ് വില്യം സ്പിന്‍ഡ്‌ലര്‍ പറഞ്ഞു. സുരക്ഷിതമായ ബദല്‍ മാര്‍ഗങ്ങള്‍ അഭയാര്‍ഥികള്‍ക്കു ലഭ്യമാക്കണം. അന്താരാഷ്ട്ര സംരക്ഷണം ഇവര്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2,03,981 അഭയാര്‍ഥികളാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടെ യൂറോപ്പിലെത്തിയത്. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയ അഭയാര്‍ഥികളുടെ ആകെ എണ്ണത്തോളം വരുമിത്. നൈജീരിയ, ഗാംബിയ, സെനഗള്‍, ഗിനിയ, ഐവറികോസ്റ്റ് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ വര്‍ഷം മരിച്ച അഭയാര്‍ഥികളില്‍ വലിയൊരു വിഭാഗം. ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ഇവര്‍ സഞ്ചരിച്ച ബോട്ടുകള്‍ അപകടത്തില്‍പെട്ടത്. കഴിഞ്ഞയാഴ്ച മെഡിറ്ററേനിയന്‍ കടലിലുണ്ടായ മൂന്നു ബോട്ടപകടങ്ങളിലായി 700ലധികം അഭയാര്‍ഥികള്‍ മരിച്ചിരുന്നു. നിരവധി കുഞ്ഞുങ്ങളും ഇവരിലുള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it