ബോംബെ ഹൈക്കോടതി ശരിവച്ചു

സ്വന്തം പ്രതിനിധിനാഗ്പൂര്‍/മുംബൈ: സഹോദരിയുടെ മകളായ രണ്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ 21കാരന് ഇരട്ട വധശിക്ഷയും ഇരട്ട ജീവപര്യന്തവും വിധിച്ച കീഴ്‌ക്കോടതി നടപടി ബോംബെ ഹൈക്കോടതി ശരിവച്ചു. കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി പീഡനത്തിനു ശേഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 എ വകുപ്പില്‍ വരുത്തിയ ഭേദഗതി പ്രകാരമാണ് യവത്മല്‍ സെഷന്‍സ് കോടതി ശത്രുഘ്‌നന്‍ മസറാമിന് കഴിഞ്ഞ ആഗസ്തില്‍ ശിക്ഷ വിധിച്ചത്. 2013 ഫെബ്രുവരി 11ന് യവത്മാലിലെ ഗാന്ധിജി ടൗണിലാണ് കേസിനാസ്പദമായ സംഭവം.

പ്രായത്തിന്റെ പരിഗണന പ്രതിക്കു നല്‍കണമെന്ന അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസ് ഭൂഷണ്‍ ഗവായ്, ജസ്റ്റിസ് പ്രസന്ന വരാലെ എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് തള്ളി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നു വിലയിരുത്തിയ ഡിവിഷന്‍ ബെഞ്ച് വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി.ആന്ധ്രയില്‍ നിന്നുള്ള തൊഴിലാളികളുടെ കുഞ്ഞാണ് പീഡനത്തിനിരയായത്. കുഞ്ഞിനെ ബന്ധുവീട്ടിലാക്കിയ ശേഷം മാതാപിതാക്കള്‍ സമീപത്തെ ഉല്‍സവത്തിനു പോയതായിരുന്നു. കുട്ടിയെ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കു എടുത്തുകൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. ഏറെ നേരത്തെ തിരച്ചിലിനു ശേഷം കുട്ടിയെ കണ്ടെത്തിയ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it