ബൊളീവിയ: മൊറാലിസിന്റെ നീക്കത്തിനു തിരിച്ചടി

സുക്ര: നാലാം തവണയും ജനവിധി തേടാനുള്ള ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ നീക്കം പരാജയപ്പെട്ടു. നാലാം തവണയും മല്‍സരിക്കാന്‍ ഭരണഘടന ഭേദഗതി വരുത്തുന്നതു തീരുമാനിക്കാന്‍ നടന്ന ഹിതപരിശോധനയില്‍ ഇദ്ദേഹത്തിന് 49.5 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ മൊറാലിസിന്റെ നീക്കത്തെ എതിര്‍ത്ത് 51.5 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഹിതപരിശോധനാ ഫലത്തെ മാനിക്കുന്നതായി ആദിവാസി വിഭാഗത്തില്‍നിന്നുള്ള പ്രഥമ പ്രസിഡന്റായ മൊറാലിസ് പറഞ്ഞു.
ഹിതപരിശോധനയില്‍ കേവലഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നുവെങ്കില്‍ 2025 വരെ ഇദ്ദേഹത്തിന് പ്രസിഡന്റ് പദവിയില്‍ തുടരാന്‍ സാധിക്കുമായിരുന്നു. 2006 ജനുവരിയില്‍ ആദ്യമായി അധികാരത്തിലെത്തിയ മൊറാലിസ് മൂന്നുതവണ തുടര്‍ച്ചയായി രാജ്യത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചു. ജനപ്രീതിയില്‍ ഏറെ മുന്നിലുള്ള മൊറാലിസിന്റെ കാലാവധി 2020ല്‍ അവസാനിക്കും. ഇത് മറികടക്കാനാണ് ഹിതപരിശോധന നടന്നതെങ്കിലും ജനം അനുകൂലമായി വോട്ട് ചെയ്യാത്തത് തിരിച്ചടിയായി.
ആദ്യമായി അധികാരത്തിലെത്തിയ ഉടന്‍ എണ്ണ, പ്രകൃതിവാതക മേഖല ദേശസാല്‍കരിച്ച് ജനപ്രിയതയാര്‍ജിച്ച മൊറാലിസ് 2008ല്‍ ഹിതപരിശോധനയിലൂടെ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നേടിയെടുത്തു.
Next Story

RELATED STORIES

Share it