Flash News

ബൊഫോഴ്‌സ് അഴിമതി: സിബിഐ അപ്പീല്‍ നല്‍കി

ന്യൂഡല്‍ഹി: ഏറെ വിവാദമായ ബൊഫോഴ്‌സ് അഴിമതിക്കേസ് റദ്ദാക്കിയ 12 വര്‍ഷം പഴക്കമുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുജ സഹോദരന്‍മാരെയും  സ്വീഡിഷ് കമ്പനിയെയും കുറ്റവിമുക്തരാക്കിയ 2005 മെയ് 31ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേയാണ് സിബിഐ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ അപ്പീല്‍ നല്‍കുന്നത് വൈകിയതിനാല്‍ ഹരജി തള്ളിപ്പോവാന്‍ സാധ്യതയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നേരത്തേ സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പുതിയ തെളിവുകള്‍ കൈവശമുണ്ടെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കിയത്. കേസില്‍ പുതിയ തെളിവുകളുണ്ടെന്നും അതിനാല്‍ വിചാരണ നടത്തണമെന്നുമാണ് സിബിഐയുടെ അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളായ ഹിന്ദുജ സഹോദരന്‍മാരെ കുറ്റവിമുക്തരാക്കിയ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സിബിഐ വ്യക്തമാക്കുന്നുണ്ട്. 2005ലെ കോടതിവിധിക്കെതിരേ അജയ്കുമാര്‍ അഗര്‍വാള്‍, രാജ്കുമാര്‍ പാണ്ഡെ എന്നിവര്‍ നല്‍കിയ സ്വകാര്യ ക്രിമിനല്‍ അപ്പീലുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ സിബിഐയോട് കോടതി വിശദീകരണം തേടിയതിനു പിന്നാലെയാണ് ഹരജി നല്‍കിയിരിക്കുന്നത്. 1986ലെ ബൊഫോഴ്‌സ് ഇടപാടുമായി ബന്ധപ്പെട്ട്  1990ലാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it