Cricket

ബൈ ബൈ ആശിഷ് നെഹ്‌റ

ബൈ ബൈ ആശിഷ് നെഹ്‌റ
X


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു ഇടംകയ്യന്‍ ഇതിഹാസംകൂടി പടിയിറങ്ങുന്നു. 18 കൊല്ലം ഇന്ത്യന്‍ ജഴ്‌സിയില്‍ തീതുപ്പുന്ന പന്തുകളുമായി കളം വാണ ആശിഷ് നെഹ്‌റ എന്ന വെറ്ററല്‍ ഫാസ്റ്റ് ബൗളര്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ട്വന്റിയിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുന്നു. പരിക്കുകള്‍ പലതവണ വില്ലനായെങ്കിലും തളരാത്ത മനസുമായി ഇന്ത്യയുടെ വിജയ തേരോട്ടങ്ങളിലെല്ലാം നെഹ്‌റയുടെ പന്തുകളും ഭാഗമായിരുന്നു. 39 വയസ് കഴിഞ്ഞിട്ടും ട്വന്റി ടീമിലേക്ക് ഇന്ത്യന്‍ സെലക്ടര്‍മാര്‍ നെഹ്‌റയെ പരിഗണിച്ചതിന് പിന്നാലെ തന്നെ നെഹ്‌റ വിരമിക്കല്‍ തീരുമാനവും അറിയിക്കുകയായിരുന്നു. നെഹ്‌റയുടെ ജന്മനാടായ ന്യൂഡല്‍ഹി യിലെ ഫിറോഷാ കോഡ്‌ല സ്‌റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ട്വന്റിക്ക് ശേഷം നെഹ്‌റ വിടപറയുമ്പോള്‍  നെഹ്‌റയുടെ കുടംബാഗങ്ങള്‍ക്ക് താരത്തിന്റെ അവസാന മല്‍സരം കാണാന്‍ കോര്‍പ്പറേറ്റ് ബോക്‌സും സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരുന്നു.1999ല്‍ കൊളംബോയില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മല്‍സരത്തിലൂടെയായിരുന്നു നെഹ്‌റയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റം. പരിക്കുകള്‍ അടിയ്ക്കടി തിരിച്ചടി നല്‍കിയപ്പോള്‍ 2004ല്‍ പാകിസ്താനെതിരായ ടെസ്റ്റ് മല്‍സരത്തിന് ശേഷം നെഹ്‌റ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇന്ത്യക്കുവേണ്ടി 17 ടെസ്റ്റ് മല്‍സരങ്ങളില്‍ മാത്രം കളിച്ച നെഹ്‌റയുടെ അക്കൗണ്ടില്‍ 44 വിക്കറ്റുകളാണുള്ളത്. 2001ല്‍ സിംബാബ്‌വേയ്‌ക്കെതിരേയായിരുന്നു നെഹ്‌റയുടെ ഏകദിന അരങ്ങേറ്റം. 10 കൊല്ലത്തോളം നീണ്ടു നിന്ന ഏകദിന കരിയര്‍ 2011 ഏകദിന ലോകകപ്പിലൂടെയാണ് നെഹ്‌റ അവസാനിപ്പിച്ചത്. ഇടിമിന്നല്‍ പ്രകടനത്തോടെ ലോകകപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പില്‍ നെഹ്‌റ നിര്‍ണായക പങ്ക് വഹിച്ചെങ്കിലും സെമി ഫൈനലില്‍ പരിക്കേറ്റതിനാല്‍ ഫൈനലില്‍ കളിക്കാന്‍ കഴിഞ്ഞില്ല. 120 ഏകദിനങ്ങളില്‍ ഇന്ത്യക്കുവേണ്ടി കളിച്ച നെഹ്‌റയുടെ സമ്പാദ്യം 157 വിക്കറ്റുകളാണ്. 2003ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 23 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് നെഹ്്‌റ ട്വന്റിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.യുവതാരങ്ങളുടെ ഇടയിലും പരിചയ സമ്പത്തിന്റെ കരുത്തുമായി താരമായിത്തന്നെ തിളങ്ങി നിന്ന നെഹ്‌റ 2011 ലോകകപ്പിന് ശേഷം നീണ്ട നാളുകളായി വിശ്രമത്തിലായിരുന്നെങ്കിലും 2016 ലെ ട്വന്റി ലോകകപ്പിലൂടെ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റിയിലാണ് അവസാനമായി കളിച്ചത്. 26 ട്വന്റി മല്‍സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകളാണ് നെഹ്‌റ വീഴ്ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമല്ല ഐപിഎല്ലിലും ഇനി താന്‍ കളിക്കില്ലെന്ന് നെഹ്‌റ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it