palakkad local

ബൈപാസ് ജങ്ഷനില്‍ വന്‍കുഴി; വാഹനയാത്ര ദുരിതമാവുന്നു



പിരായിരി: പാലക്കാട്-കോട്ടായി റൂട്ടില്‍ മേഴ്‌സി കോളജിനും പിരായിരി ജങ്ഷനുമിടക്കുള്ള മേപ്പറമ്പ് ബൈപാസ് ജങ്ഷനിലെ വലിയ കുഴി വാഹനയാത്ര ദുഷ്‌കരമാക്കുന്നു. മാസങ്ങള്‍ക്കുമുമ്പ് ചെറിയ കുഴിയായിരുന്ന ഇവിടമിപ്പോള്‍ മഴ പെയ്തതോടെ കുഴിയുടെ വ്യാപ്തി കൂടി വരുകയാണ്. ഇതോടെ ബസ്സുകളുള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ കുഴിയില്‍ ഇറങ്ങി കയറുന്ന സ്ഥിതിയാണ്. മേപ്പറമ്പ് ജങ്ഷനില്‍ നിന്നും ബൈപാസ് വഴി മേഴ്‌സി കോളജ് ഭാഗത്തേക്കും പിരായിരി ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്കും വരുന്ന വാഹനങ്ങളാണ് കൂടുതലും കുഴിയില്‍പ്പെടുന്നത്. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കുഴികള്‍ രൂപപ്പെട്ട് ഗതാഗതം ദുഷ്‌കരമായപ്പോള്‍ നഗരസഭ ഇവിടെ ഓട്ടയടച്ച് തടിതപ്പുകയായിരുന്നു. എന്നാല്‍ ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താനോ റീടാറിങ് നടത്താനോ ഭരണകൂടം തയ്യാറാവാത്തതാണ് റോഡ് തകരാന്‍ കാരണമായത്. പകല്‍ സമയത്ത് കുഴിയില്‍പ്പെടാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ചുപോവന്നത് മറ്റുള്ള വാഹനങ്ങള്‍ക്ക് ഭീഷണിയാവുകയാണ്. ഇത്തരത്തില്‍ വലിയൊരുഗര്‍ത്തം ജംഗ്ഷനില്‍ രൂപപ്പെട്ട് വാഹനങ്ങള്‍ ഇറങ്ങി കയറുമ്പോഴും ഭരണകൂടത്തിന് മൗനം മാത്രമാണ്. വാഹനങ്ങളുടെ ആക്‌സിലൊടിച്ചും യാത്രക്കാരന്റെ നട്ടെല്ലൊടിച്ചും റോഡിനു നടുവില്‍ വാഹനയാത്രക്ക് ഭീഷണിയായ ആനവാരിക്കുഴി നികത്തി റോഡ് ഗതാഗതയോഗ്യമാക്കാത്തിടത്തോളം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധത്തിനൊരുങ്ങുകയാണ്.
Next Story

RELATED STORIES

Share it