kasaragod local

ബൈന്ദൂര്‍ പാസഞ്ചര്‍ ബോഗികള്‍ വീതിച്ചു നല്‍കി



കാഞ്ഞങ്ങാട്: കാസര്‍കോട്-ബൈന്ദൂര്‍ യാത്രക്കാര്‍ക്കുവേണ്ടി അനുവദിച്ച ബൈന്ദൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പൂര്‍ണമായും ഇല്ലാതാക്കുന്നു. താല്‍ക്കാലികമായി ഓട്ടം നിര്‍ത്തുന്നുവെന്ന അറിയിപ്പോടെയാണ് ദക്ഷിണ റെയില്‍വേ ഏതാനും മാസം മുമ്പ് ബൈന്ദൂര്‍ പാസഞ്ചറിന്റെ ഓട്ടം നിര്‍ത്തിയത്. ബൈന്ദൂര്‍ പാസഞ്ചര്‍ നേരത്തെ കാസര്‍കോട് നിന്നും കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തിന് സമീപത്തെ സ്റ്റേഷന്‍ ആയ ബൈന്ദൂര്‍ വരെയാണ് സര്‍വീസ് നടത്തിയത്. സദാനന്ദ ഗൗഡ റെയില്‍വേ മന്ത്രിയായപ്പോള്‍ സഹോദരന്‍ ജോലി ചെയ്യുന്ന ബൈന്ദൂര്‍ സ്റ്റേഷനിലേക്ക് ഒരു ട്രെയിന്‍ എന്ന നിലയിലാണ് ഇത് ആരംഭിച്ചത്. കാസര്‍കോട് വരെ ആരംഭിച്ച ട്രെയിന്‍ പിറ്റ് ലൈന്‍ ഇല്ലാത്തതിനാല്‍ കണ്ണൂരാണ് നിര്‍ത്തിയിട്ടിരുന്നത്. പിന്നീട് സര്‍വീസ് കണ്ണൂര്‍ വരെയാക്കി. ട്രെയിന്‍ ഗുരുവായൂര്‍ വരെ നീട്ടണമെന്ന യാത്രക്കാരുടേയും ജനപ്രതിനിധികളുടെയും ആവശ്യം ശക്തമായിരിക്കെയാണ് സര്‍വീസ് തന്നെ നിര്‍ത്തിവച്ചത്. ഇതിനിടെ ബൈന്ദൂര്‍ പാസഞ്ചര്‍ ഉടന്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരിക്കുമ്പോഴാണ് ട്രെയിനിന്റെ കോച്ചുകള്‍ മറ്റു ട്രെയിനുകള്‍ക്കായി വീതിച്ച് നല്‍കിയിരിക്കുന്നത്. മഞ്ചേശ്വരത്ത് ഒരുമാസമായി നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകളാണ് വിവിധ പാസഞ്ചര്‍ ട്രെയിനുകളില്‍ ഘടിപ്പിച്ചത്. ബൈന്ദൂരിനൊപ്പം നിര്‍ത്തിയ മംഗളൂരു-മഡ്‌ഗോവ ഡെമു ട്രെയിന്‍ സര്‍വീസ് തുടങ്ങാനിരിക്കെയാണ് ബൈന്ദൂരിനോട് റെയില്‍വേ അധികൃതര്‍ ഈ ചതി ചെയ്തത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മണ്‍സൂണ്‍ ടൈംടേബിളില്‍ വരെ ബൈന്ദൂരിന്റെ സമയം ഉള്‍പ്പെടുത്തി റെയില്‍വേ യാത്രക്കാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ട്രെയിന്‍ ഓട്ടം നിര്‍ത്തിയ മെയ് പത്ത് മുതല്‍ ബൈന്ദൂരിന്റെ റേയ്ക്ക് മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു. പാലക്കാട് ഡിവിഷനില്‍ നിര്‍ത്തലാക്കിയ മറ്റു വണ്ടികളുടെ റേയ്ക്ക് വിവിധ വണ്ടികളില്‍ നേരത്തെ തന്നെ ഘടിപ്പിച്ചിരുന്നു. ബൈന്ദൂരിന്റെത് മാറ്റാത്തതിനാല്‍ യാത്രക്കാര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പുറത്തിറങ്ങിയ ദിവസം തന്നെ ബൈന്ദൂരിന്റെ റേയ്ക്കുകള്‍ കൊണ്ടുപോയി മഡ്‌ഗോവ, ഇന്റര്‍സിറ്റി തുടങ്ങിയ ട്രെയിനുകളിലാണ്് ഇതിന്റെ കോച്ചുകള്‍ ഘടിപ്പിച്ചത്. അവയിലെ കോച്ചുകള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിന് പകരമായിട്ടാണ് ഇവ ഘടിപ്പിച്ചത്. എന്നാല്‍ ആവശ്യം വന്നാല്‍ കൂട്ടിയോജിപ്പിച്ച് ഒരു വണ്ടിയായി ഓടിക്കാന്‍ പറ്റുമെന്നാണ് റെയില്‍വേ പറയുന്നത്. രണ്ടു വര്‍ഷമായി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ റെയില്‍വേ അപ്രതീക്ഷിതമായി നിര്‍ത്തുകയായിരുന്നു. കണ്ണൂര്‍-മംഗളൂരു ജങ്ഷന്‍ വരെ ഓടുന്നത് വന്‍ വരുമാന നഷ്്ടമാണന്ന് പറഞ്ഞായിരുന്നു ഇത്. ട്രെയിന്‍ സമയം മാറ്റി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it