kasaragod local

ബൈന്ദൂര്‍ പാസഞ്ചര്‍ നിര്‍ത്തി ; യാത്രക്കാര്‍ ദുരിതത്തില്‍



കാസര്‍കോട്: ജില്ലയിലെ യാത്രക്കാര്‍ക്ക് തീര്‍ഥാടന കേന്ദ്രമായ കൊല്ലൂര്‍ എത്തുന്നതിന് വേണ്ടി 2015ല്‍ ആരംഭിച്ച ബൈന്ദൂര്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തലാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. സദാനന്ദ ഗൗഡ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഹോം സ്റ്റേഷന്‍ വരുന്ന മംഗളൂരു ഉള്‍പ്പെടുത്തി കൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന് എന്ന് അറിയപ്പെടുന്ന ബൈന്ദൂര്‍ സ്റ്റഷനില്‍ നിന്ന് കാസര്‍കോട്ടേക്ക് ട്രെയിന്‍ സര്‍വീസ് അനുവദിക്കുകയായിരുന്നു.  കണ്ണൂര്‍ ജില്ലയിലെ യാത്രക്കാരുടെയും വിവിധ പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടേയും പി കരുണാകരന്‍ എംപിയുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായി ഈ ട്രെയിന്‍ കണ്ണൂരിലേക്ക് നീട്ടുകയായിരുന്നു. പൊതുവേ തിരക്ക് കുറഞ്ഞ ഈ ട്രെയിന്‍ അവധിക്കാലത്താണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും ചുരുങ്ങിയ ചിലവില്‍ കണ്ണൂരില്‍ നിന്ന് കൊല്ലൂരിലെത്താന്‍ കഴിയുന്ന ട്രെയിന്‍ കൂടിയായിരുന്നു ഇത്. ബൈന്ദൂര്‍ വരെയുള്ള 310 കിലോമീറ്ററിന് 60 രൂപ മാത്രമാണ് ചാര്‍ജ്ജ്. രാവിലെ 4.15 ന് കണ്ണൂരില്‍ നിന്നും യാത്രപുറപ്പെടുന്ന ട്രെയിന്‍ 6.30ന് കാസര്‍കോടും 8.05ന് മംഗളൂരുവിലും 11.50 ന് ബൈന്ദൂരിലുമെത്തും. 1.05ന് ബൈന്ദൂരില്‍ നിന്ന് തിരിച്ച് പുറപ്പെടുന്ന ട്രെയിന്‍ 6.10നാണ് കാസര്‍കോട് എത്തുന്നത്. മംഗളൂരു ജങ്ഷനും പഡീല്‍ ജോക്കട്ടയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കഴിഞ്ഞ ഒരു മാസമായി മംഗളൂരു വരെ മാത്രമേ ഈ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നുള്ളു. എന്നാല്‍ ബുധനാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ട്രെയിന്‍ ഓടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. അറ്റകുറ്റപണിയുടെ പേരില്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അവധിക്കാലത്ത് തീര്‍ത്ഥാടനത്തിന് പോകുന്ന യാത്രക്കാരെയാണ് ട്രെയിനുകള്‍ ഓട്ടം നിര്‍ത്തിവെച്ചതുമൂലം ബുദ്ധിമുട്ടിലാക്കുന്നത്. മുന്‍കാലങ്ങളില്‍ അവധിക്കാലങ്ങളില്‍ യാത്രാക്ലേശം പരിഹരിക്കാന്‍ റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുകയാണ് പതിവ്. പാസഞ്ചര്‍ ട്രെയിനുകള്‍ കുറവായതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ള യാത്രക്കാര്‍ ട്രെയിനുകളില്‍ തിങ്ങി നിരങ്ങിയാണ് യാത്ര ചെയ്യുന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വെട്ടികുറച്ച് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ദക്ഷിണ റെയില്‍വേ ട്രെയിനുകള്‍ വെട്ടികുറച്ച് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ട്രെയിനുകള്‍ അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും വിവിധ പാസഞ്ചേര്‍ഴ്‌സ് അസോസിയേഷനുകളും മുന്നോട്ടു വന്നിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it