ബൈക്ക് വിട്ടുകൊടുക്കാത്തതിനു പീഡനം: എസ്‌ഐക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രതിയെ പിടികൂടാന്‍ സ്വന്തം ബൈക്ക് വിട്ടുകൊടുത്തില്ലെന്ന കാരണത്താല്‍ വിരമിച്ച സൈനികനെ പീഡിപ്പിച്ച എസ്‌ഐക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കായംകുളം പുറത്തിക്കാട് എസ് ഐ ഇ ഡി ബിജുവിനെതിരേ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് ജസ്റ്റിസ് ബി കെമാല്‍പാഷ നിര്‍ദേശം നല്‍കി. മുന്‍ സൈനികനായ കായംകുളം ക്യഷ്ണപുരം സ്വദേശി പുരുഷോത്തമന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ബൈക്ക് ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച പുരുഷോത്തമനെ എസ്‌ഐ ഭീഷണിപ്പെടുത്തുകയും പോലിസ് സ്‌റ്റേഷനിലെത്തിച്ച് മൂന്ന് മണിക്കൂറോളം നിര്‍ത്തുകയും ചെയ്തിരുന്നു. പോലിസിന്റെ ഔദ്യോഗിക ക്യത്യനിര്‍വഹണത്തിന് തടസ്സം സ്യഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി പുരുഷോത്തമനെതിരേ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. മാവേലിക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച കേസ്. ഇതിനിടെ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്തിയെങ്കിലും ഹരജിക്കാരന്‍ കുറ്റക്കാരനാണെന്ന് റിപോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജിക്കാരന് നേരിടേണ്ടിവന്ന മനുഷ്യാവകാശ ലംഘനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എസ്‌ഐയുടെ വാദങ്ങള്‍ മുഴുവന്‍ അംഗീകരിച്ചാലും ഹരജിക്കാരന്‍ ചെയ്ത കുറ്റമെന്തെന്ന് റിപോര്‍ട്ടുകളില്‍ നിന്ന് വ്യക്തമല്ല. പോലിസിന് പ്രതിയെ പിടികൂടാന്‍ ഗതാഗത സംവിധാനം ഒരുക്കല്‍ ഒരു പൗരന്റെ ബാധ്യതയല്ല. ഭീഷണിപ്പെടുത്തകയും ബൈക്ക് പിടിച്ചെടുക്കുകയും ചെയ്ത എസ് ഐയുടെ നടപടി ഗൗരവത്തോടെ കാണേണ്ടതാണ്. അതിനാല്‍, എസ്‌ഐക്കെതിരേ വകുപ്പ് തല നടപടി അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരനെതിരേയുള്ള കേസ് റദ്ദാക്കി.
Next Story

RELATED STORIES

Share it