malappuram local

ബൈക്ക് യാത്രികനെ മര്‍ദിച്ച സംഭവം : പത്തു പേര്‍ക്കെതിരേ കേസെടുത്തു



തിരൂരങ്ങാടി:  ദേശീയപാത കൊളപ്പുറത്ത് കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ അസഭ്യം പറയുകയും, കൈയേറ്റംചെയ്ത്  ബലം പ്രയോഗിച്ചു വാഹനത്തില്‍ പിടിച്ചുകയറ്റാന്‍ ശ്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന പരാതിയില്‍ പത്തുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.  അഡീ.എസ്‌ഐ ബാലകൃഷ്ണന്റെ പരാതിയിലാണ് നടപടി. ബൈക്ക് യാത്രക്കാരനായ കൊളപ്പുറം കൊടുവായൂര്‍ സ്വദേശി പാട്ടശ്ശേരി അബൂബക്കര്‍, മകന്‍ ഫസല്‍ (33), മറ്റു കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കുമെതിരെയാണ് തിരൂരങ്ങാടി പോലിസ് കേയെടുത്തത്. ബുധനാഴ്ച വൈകീട്ട് കൊളപ്പുറം ജങ്ഷനിലാണ് വാഹന പരിശോധനയ്ക്കിടെ പോലിസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പോലിസും നാട്ടുകാരും തമ്മിലുണ്ടായ അനിഷ്ടസംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലിസ് സൂപ്രണ്ട് നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എ ഉല്ലാസിനാണ് അന്വേഷണ ചുമതല. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ എസ്‌ഐ ബാലകൃഷ്ണന്‍ അടക്കമുള്ള പോലിസുകാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എസ്പിഅറിയിച്ചു.
Next Story

RELATED STORIES

Share it