ബൈക്ക് പോസ്റ്റിലിടിച്ച്  വിദ്യാര്‍ഥികള്‍ മരിച്ചു

മാഹി: ദേശീയപാതയില്‍ പൂഴിത്തല എച്ച്പി പെട്രോള്‍ പമ്പിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിത്തൂണിലിടിച്ചു മറിഞ്ഞ് സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു. പള്ളൂര്‍ ചാലക്കര ഡോ. അംബേദ്കര്‍ പബ്ലിക് സ്‌കൂളിനു സമീപം കുന്നുമ്പുറത്ത് പാര്‍വതിഹൗസില്‍ വിഷ്ണുദാസ്(19), പെരിങ്ങത്തൂര്‍ കരിയാട് സൗത്ത് പുറാല്‍ മീത്തല്‍ വീട്ടില്‍ ആഷിക്(19) എന്നിവരാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. ബൈക്കോടിച്ചിരുന്ന ആഷിക്കും പിറകിലിരുന്ന വിഷ്ണുദാസും തദ്ക്ഷണം മരിച്ചു.
പുതുച്ചേരിയില്‍ പോണ്ടിച്ചേരി മോത്തിലാല്‍ നെഹ്‌റു ഐടിഐ കോളജിലെ വിദ്യാര്‍ഥിയാണ് ആഷിക്. അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസമാണു നാട്ടിലെത്തിയത്. പൂഴിത്തല വളവില്‍ ബീച്ചിലെ വിവാഹവീട്ടിലെത്തി തിരിച്ച് അഴിയൂരില്‍ പോയി മടങ്ങവെയാണു സംഭവം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിശ്ശേഷം തകര്‍ന്നു. മാഹി ടൗണ്‍പ്ലാനിങില്‍ ജീവനക്കാരനായിരുന്ന പരേതനായ രജീഷ്‌കുമാറിന്റെയും പുതുച്ചേരി ഡയറ്റിലെ യുഡി ക്ലാര്‍ക്ക് ശ്രീജയുടെയും മകനാണ്. സഹോദരന്‍: അക്ഷയ് (പുതുച്ചേരി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി). മാഹി മഹാത്മാഗാന്ധി കോളജില്‍ ഡിഗ്രി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് വിഷ്ണുദാസ്.
വിദേശത്ത് ജോലിചെയ്യുന്ന കുന്നുമ്പുറത്ത് ശിവദാസിന്റെയും ബീനയുടെയും മകനാണ്. സഹോദരി: വൈഷ്ണവി (പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി, ജെഎന്‍ജിഎച്ച്എസ്എസ്, മാഹി). മാഹി എസ്‌ഐയുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആഷിക്കിന്റെ മൃതദേഹം സംസ്‌കരിച്ചു. വിഷ്ണുദാസിന്റെ സംസ്‌കാരം ഇന്നു നടക്കും.
Next Story

RELATED STORIES

Share it