kasaragod local

ബൈക്കുകളുടെ മരണപ്പാച്ചില്‍ തടയാന്‍ ആര്‍ടിഒ

കാസര്‍കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 27 ഇരുചക്ര വാഹനങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ രണ്ടു മാസക്കാലമായി കുട്ടി ഡ്രൈവര്‍മാരുടെ മരണപ്പാച്ചിലിനെതിരെ തുടര്‍ന്നു വരുന്ന നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
വിദ്യാനഗര്‍, ചെര്‍ക്കള, ബിസി റോഡ് ജങ്ഷന്‍, പ്രസ് ക്ലബ്ബ് ജങഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ 15-ഓളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി. തുടര്‍ന്ന് എല്ലാ രക്ഷിതാക്കളെയും ആര്‍ടിഒ ഓഫിസില്‍ വിളിച്ചു വരുത്തി ആര്‍ടിഒ പി എച്ച്  സാദിഖ് അലി ബോധവല്‍ക്കരണ ക്ലാസ് നടത്തി.
പിഴ അടപ്പിച്ചതിനു ശേഷം വാഹനങ്ങള്‍ വിട്ടു കൊടുത്തു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് എതിരെയും ആര്‍സി ഉടമയ്‌ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.കാസര്‍കോട് ആര്‍ടിഒയിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം ജി ഗിരീഷ്, ആര്‍ എസ് ജിഷോര്‍, വി രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നിരന്തര പരിശോധനയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ രണ്ടുമാസമായി നൂറോളം കുട്ടി ഡ്രൈവര്‍മാര്‍ കുടുങ്ങിയത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ശക്തമായ നടപടികള്‍ തുടരുമെന്ന് ആര്‍ടിഒ അറിയിച്ചു.
Next Story

RELATED STORIES

Share it