ബൈക്കില്‍ ഹിമാലയത്തിലേക്ക് സാഹസിക യാത്ര നടത്തി ആല്‍ഫിയും അനഘയും

കൊച്ചി: 15 ദിവസം, 7000 കിലോമീറ്റര്‍. ഡല്‍ഹിയില്‍ നിന്നു ഹിമാലയം വരെയും പിന്നീട് തിരിച്ച് ചാലക്കുടിയിലേക്കും. 18കാരികളായ രണ്ടു പെണ്‍കുട്ടികള്‍ കൈവരിച്ച നേട്ടം ചെറുതല്ല. ചാലക്കുടി സ്വദേശികളും വിദ്യാര്‍ഥികളുമായ ആല്‍ഫിയും അനഘയും സ്വപ്‌നസാക്ഷാല്‍ക്കാരത്തിന്റെ നിര്‍വൃതിയിലാണ്. സ്ത്രീസുരക്ഷാ യാത്ര എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ ഹിമാലയം കയറിയത്. ജൂ ണ്‍ 2ന് ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച യാത്ര ഹിമാലയത്തിലെ ജിപ്‌സ് തടാകം സന്ദര്‍ശിച്ച് തിരികെ രണ്ടു ദിവസം മുമ്പാണ് ചാലക്കുടിയിലെത്തിയത്. യാത്ര മുഴുവനായും ചിത്രീകരിക്കുന്നതിന് ഒരു കാമറാമാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
കുട്ടിക്കാലം തൊട്ട് ആത്മമിത്രങ്ങളായിരുന്ന ഇരുവരും ഹിമാലയത്തിലേക്ക് ബൈക്ക് യാത്ര സ്വപ്‌നം കണ്ടിരുന്നു. പ്ലസ്ടു കാലത്താണ് കാര്യമായി ആലോചിച്ചത്. പിന്നീട് ലൈസന്‍സ് കിട്ടിയതോടെ തയ്യാറെടുപ്പ് ആരംഭിച്ചു. ഒടുവില്‍ ജൂണ്‍ 2ന് ഡല്‍ഹിയില്‍ ഹരിയാന മുന്‍ ചീഫ് സെക്രട്ടറി ഡോ. ജി പ്രസന്നകുമാര്‍ ഫഌഗ്ഓഫ് ചെയ്തതോടെ യാത്രയ്ക്ക് തുടക്കമായി. എറണാകുളം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ യാത്രയുടെ അനുഭവങ്ങള്‍ ആല്‍ഫിയും അനഘയും പങ്കുവച്ചു. ഹിമാലയത്തോട് അടുക്കുംതോറും യാത്ര കഠിനമായി. പല തവണ ശ്വാസതടസ്സം നേരിട്ടു. മഞ്ഞുരുകി വെള്ളം കുത്തിയൊലിച്ചു വന്നതും മറക്കാനാകാത്ത അനുഭവമായിരുന്നു. എങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഞങ്ങള്‍ക്കിത് സാധിക്കുമെങ്കില്‍ ആര്‍ക്കും ഈ നേട്ടം കൈയെത്തിപ്പിടിക്കാന്‍ സാധിക്കുമെന്നും സാഹസിക യാത്രയിലൂടെ ഈ സന്ദേശമാണ് സ്ത്രീകള്‍ക്കു കൈമാറാനുള്ളതെന്നും ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
യാത്രയെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങള്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. സര്‍ക്കാര്‍ നല്‍കിയ അഞ്ചു ലക്ഷം രൂപ കൊണ്ടാണ് യാത്രയെന്നുവരെ പലരും പറഞ്ഞുപരത്തി. സുമനസ്സുകളായ ചില വ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ സ്‌പോണ്‍സര്‍ഷിപ്പിലാണ് യാത്ര പൂര്‍ത്തിയാക്കിയത്. രണ്ടു ലക്ഷം രൂപ യാത്രയ്ക്ക് ചെലവു വന്നതായി ആല്‍ഫി പറഞ്ഞു.
മുരിങ്ങൂര്‍ ആറ്റപ്പാടം എലുവത്തിങ്കല്‍ വീട്ടില്‍ ബേബിയുടെയും മിനിയുടെയും മകളായ ആല്‍ഫി കോയമ്പത്തൂരില്‍ ബിബിഎ ഏവിയേഷന്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ്. മാളയില്‍ ഗ്രാഫിക് ഡിസൈന്‍ വിദ്യാര്‍ഥിനിയായ അനഘ ചാലക്കുടി തൊഴുത്തുപറമ്പില്‍ വീട്ടില്‍ മണിക്കുട്ടന്റെയും സജിതയുടെയും മകളാണ്.
Next Story

RELATED STORIES

Share it