ernakulam local

ബൈക്കില്‍ കറങ്ങി വിദേശികളുടെ ബാഗ് കവരുന്ന യുവാവ് പിടിയില്‍

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയില്‍ എത്തുന്ന വിനോദ സഞ്ചാരികളായ വനിതകളുടെ ബാഗുകള്‍ ബൈക്കിലെത്തി പിടിച്ച് പറിക്കുന്ന യുവാവിനെ ഫോര്‍ട്ട്‌കൊച്ചി പൊലിസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി ഇല്ലത്ത് പറമ്പില്‍ വീട്ടില്‍ ഷിറാസ്(27)നെയാണ്  ഫോര്‍ട്ട്‌കൊച്ചി സിഐ പി രാജ്കുമാര്‍, എസ്‌ഐ അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഒന്നര വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങിയ ഷിറാസ് സേലത്ത് ഒളിവില്‍ കഴിയവേയാണ് പിടിയിലായത്. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി സ്‌റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളിലും ബലാല്‍സംഗകേസുകളിലും പ്രതിയായ ഷിറാസ് സേലത്ത് വാടക വീട്ടില്‍ താമസിക്കുകയും വ്യാജ വിലാസത്തില്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡുമുണ്ടാക്കി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടക്കാന്‍ തയ്യാറെടുക്കവേയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് കൊച്ചിയില്‍ മൂന്നോളം വിദേശ വനിതകളുടെ ബാഗ് ഇയാള്‍ കവര്‍ന്നിട്ടുണ്ട്. ബാഗില്‍ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കുറഞ്ഞ വിലക്ക് ട്രെയിനില്‍ വെച്ച് പരിചയപ്പെടുന്നവര്‍ക്ക് വില്‍പ്പന നടത്തിയും വിദേശ കറന്‍സികള്‍ സേലത്ത് എക്‌സ്‌ചേഞ്ച് ചെയ്യുകയുമാണ് ചെയ്യുന്നത്.
ഇതിന് പുറമേ തോപ്പുംപടിയിലും ഫോര്‍ട്ട്‌കൊച്ചിയിലും വീടുകളില്‍ നിന്നും മോഷണം നടത്തിയതിനും മട്ടാഞ്ചേരിയില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. പശ്ചിമകൊച്ചിയില്‍ നിന്ന് കഞ്ചാവ് വാങ്ങുവാന്‍ സേലത്ത് എത്തുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതും ഷിറാസാണെന്ന് വ്യക്തമായതായി പൊലിസ് പറഞ്ഞു.
സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ അജയ് ശിവാനന്ദ്, അനില്‍ കുമാര്‍, ഫ്രാന്‍സിസ്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ മുഹമ്മദ് ലിഷാദ്, ജോണ്‍, ഉമേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it