thrissur local

ബൈക്കിലെത്തിയ സംഘം റിട്ട. അധ്യാപികയുടെ മാല കവര്‍ന്നു



ഗുരുവായൂര്‍: ക്ഷേത്രദര്‍ശനത്തിനായ് പോകുകയായിരുന്ന റിട്ടയേര്‍ഡ് അധ്യാപികയായ വീട്ടമ്മയുടെ ഒന്നര പവന്‍ വരുന്ന മാല, ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നു. മാലകവര്‍ന്നശേഷം വീട്ടമ്മയെ തള്ളിയിട്ടതിന്റെ ഫലമായി വീട്ടമ്മയുടെ മുന്‍നിരയിലെ നാലുപല്ലുകളും തകര്‍ന്നുപോയി. ഗുരുവായൂര്‍ പടിഞ്ഞാറേനട കസ്തൂര്‍ഭാ നഗര്‍ സെക്കന്റ് സ്റ്റ്രീറ്റ് കാരുണ്യത്തില്‍ രാമന്‍കുട്ടി ഗുപ്തയുടെ ഭാര്യ തങ്കംഗുപ്തയുടെ (71) ഒന്നരപവന്‍ വരുന്ന താലിമാലയാണ് ഇന്നലെ രാവിലെ ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നെടുത്തത്. മഴകോട്ടും, തൊപ്പിയും ധരിച്ചയാളാണ് മാലകവര്‍ന്ന് അക്രമിച്ച് കടന്നുകളഞ്ഞതെന്ന് റിട്ടയേര്‍ഡ് അധ്യാപികയായ തങ്കംഗുപ്ത പറഞ്ഞു. മകള്‍ രമാവാസുദേവനുമൊപ്പം ഇന്നലെ രാവിലെ അഞ്ചരയോടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോകുകയായിരുന്നു ഇരുവരും. പുറകില്‍നിന്നുമെത്തിയ മോഷ്ടാവ് മാലപൊട്ടിച്ച് അധ്യാപികയെ തള്ളിയിടുകയായിരുന്നു. രാമന്‍കുട്ടി ഗുപ്തയും, ഭാര്യ തങ്കംഗുപ്തയും മാത്രമാണ് വീട്ടില്‍ താമസം. കഴിഞ്ഞദിവസമാണ് മകളും, മണ്ണാര്‍ക്കാട് പള്ളികുറുപ്പ് ഹൈസ്‌ക്കൂളിലെ അധ്യാപികയുമായ രമാവാസുദേവന്‍ ഗുരുവായൂരിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് വൈകീട്ട് ആറരയോടെ ഇത്തരത്തില്‍തന്നെ തങ്കംഗുപ്തയുടെ മാല ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നിരുന്നു. എന്നാല്‍ അന്ന് നഷ്ടപ്പെട്ടത് സ്വര്‍ണ്ണമാലയല്ലായിരുന്നു. ശ്രീകൃഷ്ണപുരം സ്വദേശികളായ ഈ കുടുംബം 15-വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈശ്വരഭജനത്തിനായി ഗുരുവായൂരില്‍ സ്ഥിരതാമസമാക്കിയത്. പാലക്കാട് കല്ലുവഴി അമ്പലപ്പാറ ഹൈസ്‌ക്കൂളിലെ പ്രധാന അധ്യാപികയായിരുന്നു തങ്കംഗുപ്ത. ഗുരുവായൂര്‍ ടെമ്പിള്‍ പോലിസില്‍ പരാതിനല്‍കി. അടുത്തിടേയായി ഗുരുവായൂര്‍ മേഖലയില്‍ ബൈക്കിലെത്തിയുള്ള മാല മോഷണം വ്യാപകമായിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരുമോഷ്ടാവിനേയും പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടുമില്ല. ഈ കുടുംബം ഈ വീട്ടില്‍ താമസമാക്കിയതിന് ശേഷം, രണ്ടുതവണ വീട് കുത്തിതുറന്ന് മോഷണവും നടന്നിരുന്നു. എന്നാല്‍ കാര്യമായി അന്നൊന്നും നഷ്ടപ്പെട്ടിരുന്നില്ല.
Next Story

RELATED STORIES

Share it