Kottayam Local

ബൈക്കിലെത്തിയ യുവാവ് പത്രവില്‍പ്പനക്കാരിയുടെ വള കവര്‍ന്നു



കോട്ടയം: വിവാഹം ക്ഷണിക്കാനെന്ന് വിശ്വസിപ്പിച്ച് യുവാവ് നഗരമധ്യത്തില്‍ പത്ര വില്‍പ്പനക്കാരിയുടെ സ്വര്‍ണവള കവര്‍ന്നു. സഹോദരിയുടെ വിവാഹത്തിനു സ്വര്‍ണവളയുടെ അളവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പത്ര വില്‍പ്പനക്കാരിയായ കുടമാളൂര്‍ അയ്മനം സ്വദേശിയായ തങ്കമ്മയുടെ മുക്കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണവള യുവാവ് തട്ടിയെടുത്തത്. ഇന്നലെ വൈകീട്ട് നാലോടെ തിരുനക്കര ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിനു മുന്നില്‍ നിന്നു തങ്കമ്മയുടെ സമീപത്തെത്തിയ യുവാവ്, ഇവരുടെ ബന്ധു സജിയുടെ പുത്രനാണെന്നാണ് പരിചയപ്പെടുത്തി. ഇരുചക്ര വാഹനത്തിലെത്തിയ പ്രതി, ഇതില്‍ ഇരുന്നു തന്നെയാണ് ഇവരുമായി സംസാരിച്ചത്. തുടര്‍ന്ന് സഹോദരിയുടെ വിവാഹമാണെന്നും സ്വര്‍ണം വാങ്ങാനാണ് നഗരത്തിലെത്തിയതെന്നും തങ്കമ്മയോടു പറഞ്ഞു. ഇതു വിശ്വസിച്ച തങ്കമ്മയോടു ഇവരുടെ കൈയിലെ സ്വര്‍ണ വള തരാന്‍ ആവശ്യപ്പെട്ടു. സഹോദരിയ്ക്കു വള വാങ്ങുന്നതിനു അളവെടുക്കുന്നതിനാണ് ഈ വളയെന്നാണ് പ്രതി ഇവരെ വിശ്വസിപ്പിച്ചത്. കൈയില്‍ നിന്ന് തങ്കമ്മ വള ഊരി പ്രതിയ്ക്കു നല്‍കി. തന്റെ കൈയിലുണ്ടായിരുന്ന വെള്ളപേപ്പറില്‍ വളയുടെ അളവ് നോക്കാനെന്ന വ്യാജേനെ പ്രതി വട്ടം വരയ്ക്കുകയും ചെയ്തു. ഇതിനിടെ തങ്കമ്മയുടെ മുന്നില്‍ നിന്ന് പ്രതി വളയുമായി മുങ്ങുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ വെസ്റ്റ് എസ്‌ഐ എം ജെ അരുണിനോടു തങ്കമ്മ തന്റെ വള നഷ്ടമായ വിവരം അറിയിച്ചു. തുടര്‍ന്നു എസ്‌ഐയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ഉടന്‍ തന്നെ നഗരത്തില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, പ്രതിയെയോ ഇയാള്‍ സഞ്ചരിച്ച വാഹനമോ കണ്ടെത്താന്‍ പോലിസിനു സാധിച്ചില്ല. ഇതേ തുടര്‍ന്നു നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി കാമറാ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it