kozhikode local

ബൈക്കപകടം : സഈദിന്റെ മരണത്തില്‍ മനംനൊന്ത് നാട്



താമരശ്ശേരി: പൂനൂര്‍ കോളിക്കല്‍ റോഡില്‍ തേക്കുംതോട്ടം ജങ്ഷന് സമീപമുണ്ടായ ബൈക്കപകടത്തില്‍ മരിച്ച മുഹമ്മദ് സഈദിന് നാടിന്റെ യാത്രാ മൊഴി. പുതുപ്പാടി മലപുറം പറങ്കിമാ തോട്ടത്തില്‍ പരേതനായ മൊയ്തീന്റെ മകനും പൊതുരംഗത്തെ നിറസാന്നിധ്യവുമായ മുഹമ്മദ് സഈദിനെ നാട് നിറകണ്ണുകളോടെയാണ് യാത്രയാക്കിയത്. ബുധനാഴ്ച രാവിലെ തേക്കുംതോട്ടം ഭാഗത്തുള്ള സുഹൃത്തിനെ കണ്ട് പൂനൂരിലേക്ക് മടങ്ങുന്നതിനിടെയാണ് പുതുപ്പാടി മൈലള്ളാംപാറ മുതിരകനായില്‍ സ്വദേശി മദ്യ ലഹരിയില്‍ ഓടിച്ച ബൈക്ക് സഈദിന്റെ സ്‌കൂട്ടറില്‍ ഇടിച്ചത്. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് താമരശ്ശേരി താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ സഈദ് മരണത്തിന് കീഴടങ്ങി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് ഒരുമണിയോടെ മാതാവിന്റെ വീടായ കത്തറമ്മല്‍ എത്തിച്ച് പൊതു ദര്‍ശനത്തിന് വെച്ചു. കത്തറമ്മല്‍ ജുമുഅ മസ്ജിദിലെ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം പുതുപ്പാടി മലപുറത്ത് പിതാവിന്റെ തറവാട് വീട്ടിലെത്തിച്ചു. മലപുറം ജുമുഅ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കം നടത്തിയത്. മുഹമ്മദ് സഈദിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറുകണക്കിനാളുകളാണ് കത്തറമ്മലും മലപുറത്തും എത്തിയത്. പൂനൂര്‍ ഇഷാഅത്ത് പബ്ലിക് സ്‌കൂളില്‍ നിന്നും പ്ലസ് ടു പാസ്സായ ശേഷം ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സഈദിനെ അപകടം തട്ടിയെടുത്തത്. ചെറുപ്പം മുതല്‍ പൊതു രംഗത്തെ നിറസാന്നിധ്യമായിരുന്ന സഈദ് ഈങ്ങാപ്പുഴ സെക്ടര്‍ എസ്എസ്എഫ് സെക്രട്ടറി, ഈങ്ങാപ്പുഴ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 12 വര്‍ഷം മുമ്പാണ് പിതാവ് മൊയ്തീന്‍ മരം ദേഹത്തു വീണ് മരിച്ചത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സഈദിന്റെ ജീവനെടുത്ത മദ്യത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സഈദിന്റെ സുഹൃത്തുക്കള്‍ ആലോചിക്കുന്നത്.
Next Story

RELATED STORIES

Share it