kozhikode local

ബേപ്പൂര്‍ സുല്‍ത്താന്റെ സ്മാരകം: നിര്‍മാണം അനിശ്ചിതത്വത്തില്‍

കോഴിക്കോട്: ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന് കോഴിക്കോട്ട് സ്മാരകമായില്ല. 1994 ല്‍ ബഷീറിന്റെ മരണത്തെ തുടര്‍ന്നാണ് കോഴിക്കോട് അദ്ദേഹത്തിന്റെ പേരില്‍ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നത്.
സ്ഥലം ലഭ്യമല്ലാത്തതാണ് സ്മാരക നിര്‍മാണം നീണ്ടുപോവാന്‍ കാരണം. നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2006ല്‍ വി എസ് അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോഴിക്കോട് ബഷീര്‍സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. 2008 ലെ ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ആദ്യഗഡുവായി 50 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു.
സ്മാരകത്തിനായി കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുള്ള നിരവധി സ്ഥലങ്ങള്‍ സ്മാരകസമിതി പരിഗണിച്ചിരുന്നു. എന്നാല്‍ ഇതൊന്നും സ്മാരകത്തിന് അനുയോജ്യമായില്ല. തുടര്‍ന്ന് 2008 ഡിസംബറില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അശോകപുരത്ത് ജവഹര്‍ നഗറില്‍ ഓരേക്കര്‍ സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സ്മാരക നിര്‍മാണത്തിനായി 2009 ഫെബ്രുവരിയി ല്‍ 50 ലക്ഷം രൂപ ജില്ലാ കലക്ടര്‍ക്ക് അനുവദിക്കുകയും ചെയ്തു.
എന്നാല്‍, കേന്ദ്രപ്രതിരോധവകുപ്പിന്റെ കീഴിലുള്ള കോസ്റ്റ്ഗാര്‍ഡ് ഈ സ്ഥലം വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാര്‍ ഇത് പിന്തുടര്‍ന്നില്ലെന്ന് സ്മാരക സമിതി മുന്‍ സെക്രട്ടറി കെ ജെ തോമസ് പറഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപ ഇപ്പോള്‍ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിലുണ്ട്.
Next Story

RELATED STORIES

Share it