kozhikode local

ബേപ്പൂര്‍ മണ്ഡലം ഹര്‍ത്താല്‍ ഭാഗികം : അങ്ങിങ്ങ് അക്രമം



ഫറോക്ക്: ചെറുവണ്ണൂരില്‍ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബിജെപി.ഏരിയ കമ്മിറ്റി ഓഫിസിന് നേരെ നടന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തിയ ഹര്‍ത്താല്‍ ഭാഗികം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല. ബേപ്പൂര്‍, അരിക്കാട്, ചെറുവണ്ണൂര്‍, ഫറോക്ക് എന്നിവിടങ്ങളില്‍ കടകള്‍ അടഞ്ഞുകിടന്നു. രാമനാട്ടുകര, ചുങ്കം, ഫാറൂഖ് കോളജ്, നല്ലളം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല. നല്ലൂര്‍ അമ്പലങ്ങാടിയില്‍ കട അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ വ്യാപാരിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. സോഡാ കുപ്പി കൊണ്ട് തലക്കടിയേറ്റ നിലയില്‍ ബിജെപി പ്രവര്‍ത്തകനായ തുറക്കല്‍ പറമ്പ് കോട്ടായി ജിത്തു രാജി(26)നെയും ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദനമേറ്റ് നലൂര്‍ അമ്പലങ്ങാടിയിലെ വ്യാപാരി പാറപ്പുറവന്‍ ജയപ്രകാശി(40)നെയും ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവണ്ണൂര്‍ മധുരബസാറിലെ സിപിഎം ബസ് സ്റ്റോപ്പ് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇരു പാര്‍ട്ടികളുടെയും കൊടിമരങ്ങള്‍, പതാകകള്‍ എന്നിവ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്ത് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.രാത്രി എട്ടുമണിയോടെ ബിജെപിക്കാര്‍ നടത്തിയ പ്രകടനത്തില്‍ നിന്നും അരക്കിണറിലെ സിപിഎം അധീനതയിലുള്ള ചിന്ത വായനശാലക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ വായനശാലയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പ്രകടനത്തിന് ശക്തമായ പോലിസ് അകമ്പടിയുണ്ടായിരുന്നു. കല്ലെറിഞ്ഞ ഉടനെ തന്നെ പോലിസുകാര്‍ 40 ഓളം വരുന്ന പ്രകടനക്കാരെ അടിച്ചോടിച്ചു. പ്രകടനക്കാര്‍ നാലുഭാഗത്തും ചിതറിയോടി രക്ഷപ്പെട്ടു. നാലുപേരെ പോലിസുകാര്‍ പിടിച്ചു ജീപ്പില്‍ കയറ്റി കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് പെട്രോളിങ് നടത്തുകയായിരുന്ന പോലിസ് ജീപ്പിന് നേരെ അരക്കിണര്‍ അങ്ങാടിയില്‍ വച്ച്  കല്ലേറുണ്ടായി. കല്ലെറിഞ്ഞവര്‍ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ബേപ്പൂര്‍ പോലിസ് അറിയിച്ചത്.
Next Story

RELATED STORIES

Share it