ബേപ്പൂരില്‍ വികെസിയും പയ്യന്നൂരില്‍ സി കൃഷ്ണനും ഇടതു സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: പയ്യന്നൂരില്‍ സിറ്റിങ് എംഎല്‍എ സി കൃഷ്ണനെയും ബേപ്പൂരില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വി കെ സി മമ്മദ്‌കോയയെയും മല്‍സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. കൊല്ലത്ത് നടന്‍ മുകേഷിനെയും ആറന്‍മുളയില്‍ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെയും സ്ഥാനാര്‍ഥികളാക്കും. എന്നാല്‍, കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. ലളിതയെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായമാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. ഇക്കാര്യം കീഴ്ഘടകങ്ങളില്‍ക്കൂടി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കും.
പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണനെതിരേ ജില്ലാ കമ്മിറ്റിയിലും പ്രാദേശികതലത്തിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനനെ സ്ഥാനാര്‍ഥിയാക്കണമെന്ന ശക്തമായ സമ്മര്‍ദ്ദം പാര്‍ട്ടിയിലുണ്ടായിരുന്നു. എന്നാല്‍, കൃഷ്ണനെതിരായ പ്രതിഷേധങ്ങളെ ഗൗനിക്കേണ്ടെന്നാണ് സെക്രട്ടേറിയറ്റിന്റെ നിലപാട്. കോഴിക്കോട് കോര്‍പറേഷന്‍ മേയറായ വി കെ സി മമ്മദ്‌കോയയെ മല്‍സരിപ്പിച്ച് ബേപ്പൂരില്‍ വിജയം നേടാനാവുമെന്നാണ് വിലയിരുത്തല്‍. ബേപ്പൂരിലെ സിറ്റിങ് എംഎല്‍എ കൂടിയായ സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീമിനെ ഇക്കുറി മല്‍സരിപ്പിക്കേണ്ടെന്ന പാര്‍ട്ടി തീരുമാനം വന്നതോടെയാണ് മമ്മദ്‌കോയക്ക് നറുക്കുവീണത്.
തൃശൂര്‍, എറണാകുളം ജില്ലകളിലടക്കം സ്ഥാനാര്‍ഥിനിര്‍ണയത്തിനെതിരായ പ്രതിഷേധങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തു. എം വി നികേഷ്‌കുമാര്‍ മല്‍സരിക്കുമെന്നു കരുതുന്ന അഴീക്കോട്, സ്ഥാനാര്‍ഥിക്കെതിരേ പ്രതിഷേധം നിലനില്‍ക്കുന്ന ഒറ്റപ്പാലം എന്നിവിടങ്ങളിലെ പ്രശ്‌നപരിഹാരവും ചര്‍ച്ചയായി. പരസ്യപ്രതിഷേധം നടത്തുന്നത് പാര്‍ട്ടി ശത്രുക്കളാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഏതെങ്കിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മാറ്റം വേണമോയെന്ന് 26നു ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്യും.
Next Story

RELATED STORIES

Share it