ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ഉരു നടുക്കടലില്‍ മുങ്ങി

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ആന്ത്രോത്ത്, മിനിക്കോയ് ദ്വീപുകളിലേക്കു കന്നുകാലികളും ഭക്ഷ്യവസ്തുക്കളും കരിങ്കല്ലും മെറ്റലുമായി പുറപ്പെട്ട ഉരു ആന്ത്രോത്ത് ദ്വീപിനടുത്ത് മുങ്ങി. എംഎസ്‌വി സെല്‍വമാത എന്ന ഉരുവാണ് അപകടത്തില്‍പ്പെട്ടത്. 50 നോട്ടിക്കല്‍ മൈല്‍ അകലെ ശനിയാഴ്ച പുലര്‍ച്ചെയാണു സംഭവം. സാധനങ്ങള്‍ക്കായി കാത്തിരുന്നവര്‍ പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഉരു മുങ്ങിയതായി സ്ഥിരീകരിച്ചത്. ക്യാപ്റ്റന്‍ ആന്റണി സെല്‍വരാജ് ഉള്‍പ്പെടെ എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്. സിംഗപ്പൂരില്‍ നിന്ന് ഫുജൈറയിലേക്കു പുറപ്പെട്ട എംവി ഹഫീന ഏഷ്യ എന്ന കപ്പലില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് കൊച്ചി തീരക്കടലില്‍ പട്രോളിങ് നടത്തുകയായിരുന്ന ഐസിജിഎസ് അഭിനവ് എന്ന തീരസേനയുടെ കപ്പല്‍ സംഭവസ്ഥലത്തേക്കു തിരിച്ചു. എട്ടുപേരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. അമീനി, കല്‍പേനി തുടങ്ങിയ ദ്വീപുകള്‍ക്കടുത്ത് നേരത്തെ മുങ്ങിയ കപ്പലുകളെയും ഉരുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലഭ്യമായിട്ടില്ലെന്ന് കടമത്ത് ദ്വീപിലെ പോര്‍ട്ട് ഓഫിസ് മുന്‍ ഉദ്യോഗസ്ഥന്‍ സൈതാലി പറഞ്ഞു.



Next Story

RELATED STORIES

Share it