kozhikode local

ബേപ്പൂരിലെ ലക്ഷദ്വീപ് ടിക്കറ്റ് കൗണ്ടറില്‍പ്രതിഷേധം

ബേപ്പൂര്‍: ലക്ഷദ്വീപ് കപ്പലിലേക്ക് ടിക്കറ്റ് കൊടുക്കുന്ന കൗണ്ടറിന് മുന്‍പില്‍ യാത്രക്കാരുടെ പ്രതിഷേധം. നാളെ പുറപ്പെടുന്ന ‘ചെറിയപാനി’എന്ന ഷിപ്പില്‍ ടിക്കറ്റ് കിട്ടുന്നതിനു വേണ്ടിയാണ് കൗണ്ടറിന്റെ മുന്നില്‍ യാത്രക്കാര്‍ രോഷാകുലരായത്. ഓഖി ചുഴലിക്കാറ്റു മൂലം റദ്ദുചെയ്ത ‘മിനിക്കോയ്ഷിപ്പിലെ 110 യാത്രക്കാര്‍ക്കു വേണ്ടിയാണ് നാളെ പുറപ്പെടുന്ന ചെറിയപാനി ഷിപ്പ്. എന്നാല്‍ കൊച്ചിയിലും മറ്റും ടിക്കറ്റെടുത്ത യാത്രക്കാരും ഇതേ കപ്പലില്‍ കയറുവാന്‍ വെപ്രാളം കാണിക്കുന്ന കാഴ്ചയാണ് കൗണ്ടറിനു മുന്നില്‍ കണ്ടത്. ബേപ്പൂര്‍ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കുടുംബത്തിന് ഒന്നിച്ച് ഒരേ കപ്പലില്‍ തന്നെ സീറ്റ് കിട്ടാത്തതിനാല്‍ യാത്ര മുടങ്ങിയവരും പ്രതിഷേധിച്ചു.           കൊച്ചിയില്‍ നിന്ന് പോകാന്‍ സാധിക്കാത്തവരും ബേപ്പൂരിലെത്തി ടിക്കറ്റിന് വേണ്ടി മുറവിളി കൂട്ടുകയായിരുന്നു. എങ്ങനെയെങ്കിലും സ്വദേശത്തേക്കു മടങ്ങിയെത്തണമെന്ന വെപ്രാളത്തില്‍ മുദ്രാവാക്യം വിളികളുമായി കൗണ്ടറിനു മുന്നില്‍ തടിച്ചുകൂടി. ഓഖി കൊടുങ്കാറ്റും കടല്‍ക്ഷോഭവും മൂലം ലക്ഷദ്വീപുകളില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ എന്തൊക്കെയെന്ന് അറിയാനോ സ്വന്തം കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ സാധിക്കാതെ വിഷമത്തിലായ യാത്രക്കാരാണ് പ്രതിഷേധിച്ചത്. വ്യാഴാഴ്ച റദ്ദ് ചെയ്ത മിനിക്കോയി ഷിപ്പില്‍ പുറപ്പെടേണ്ട യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയതിനുശേഷമേ മറ്റുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കുകയുള്ളൂവെന്ന് ലക്ഷദ്വീപ് ഷിപ്പിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ കുഞ്ഞിക്കോയ അറിയിച്ചു.ദ്വീപുകളില്‍ പരക്കേ നാശനഷ്ടം ഉണ്ടാവുകയും ബന്ധുക്കള്‍ സുരക്ഷിത ക്യാംപുകളില്‍ താമസിക്കുന്നതും അറിഞ്ഞ വേവലാതിയിലാണ് ദ്വീപ് നിവാസികള്‍. ഇതുകാരണം ഏറ്റവുമാദ്യം പുറപ്പെടുന്ന കപ്പലില്‍ കയറിപ്പറ്റാനുള്ള ഉദ്ദേശം വച്ചാണ് യാത്രക്കാര്‍ ബഹളം തുടങ്ങിയത്.
Next Story

RELATED STORIES

Share it