ബേഡകത്ത് രണ്ടു വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

ബേഡകത്ത് രണ്ടു വിദ്യാര്‍ഥികള്‍  പുഴയില്‍ മുങ്ങിമരിച്ചു
X
sainul_abid

കാസര്‍കോട്: ബേഡകം കുണ്ടംകുഴിക്ക് സമീപം അഞ്ചാംമൈല്‍ കരിയത്ത് പുഴയില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അഞ്ചാംമൈലിനു സമീപം കല്ലടക്കുറ്റിയിലെ അബ്ദുല്ല-ആമിന ദമ്പതികളുടെ മകനും കോഴിക്കോട് ഓമശ്ശേരി ബൈത്തുല്‍ഹര്‍ഖമിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയുമായ ജാബിര്‍ (12), രാമനാട്ടുകര വാഴയൂരിലെ അബൂബക്കര്‍-ജമീല ദമ്പതികളുടെ മകനും കോഴിക്കോട് സിഎം മടവൂര്‍ സെന്ററിലെ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ സൈനുല്‍ ആബിദ് (20) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. കുളിക്കാനെത്തിയതായിരുന്നു ഇവരുള്‍പ്പെടെ ഏഴു സുഹൃത്തുക്കള്‍. പുഴയിലെ കല്ലിലിരുന്ന് കാലുകൊണ്ട് ഓളമുണ്ടാക്കി കളിക്കവെ ജാബിര്‍ കയത്തില്‍ വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സൈനുല്‍ ആബിദും വീണു. നീന്തലറിയാത്ത ഇരുവരും മുങ്ങിത്താഴുന്നതു കണ്ട് കൂടെയുണ്ടായിരുന്ന ജാബിറിന്റെ സഹോദരന്‍ അബൂബക്കര്‍ ബഹളംവച്ചു. സമീപമുണ്ടായിരുന്ന ഒരാളെത്തി പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു.
മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജാബിറിന്റെ സഹോദരിയുടെ വിവാഹത്തിനാണ് കൂട്ടുകാര്‍ കോഴിക്കോട്ടുനിന്നു ബേഡകത്ത് എത്തിയത്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ജാഫര്‍, സാബിത്ത്, സുഹ്‌റാബി, സബീന, ജാബിറ, റബിയത്ത്. ആബിദിന്റെ സഹോദരങ്ങള്‍: ഹസനത്ത്, റിഫാന.
Next Story

RELATED STORIES

Share it