kasaragod local

ബേക്കല്‍ ബീച്ചില്‍ ശില്‍പങ്ങളുടെ നിര്‍മാണത്തിന് കുട്ടി കലാകാരന്‍മാരെത്തി

ബേക്കല്‍: പൊതുമേഖല സ്ഥാപനമായ ബിആര്‍ഡിസി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പാക്കുന്ന 400 മീറ്റര്‍ നീളത്തിലുള്ള ആര്‍ട്ട് വോക്ക്’ പദ്ധതിയുടെ ഭാഗമായി 18 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് ശില്‍പ നിര്‍മാണത്തിന് അവസരമൊരുങ്ങി. 12 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. ഇവരില്‍ നിന്ന് ചിത്ര ചരിത്രകാരന്‍ കെ കെ മാരാര്‍, കാലടി ശങ്കരാചാര്യ സര്‍വകലാശാല ശില്‍പ വിഭാഗം മുന്‍ മേധാവി ഡോ. ടി ജി ജ്യോതിലാല്‍ എന്നിവരടങ്ങുന്ന പാനലാണ് ഇന്റര്‍വ്യൂ നടത്തി ശില്‍പികളെ തിരഞ്ഞെടുത്തത്.
2014-15ല്‍ ശില്‍പകലയില്‍ ഭാരത സര്‍ക്കാരിന്റെ ടാലന്റ് റിസര്‍ച്ച് അവാര്‍ഡിന് അര്‍ഹനായ ബാലശില്‍പി ചിത്രരാജ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരത്തോളം അപേക്ഷകരില്‍ നിന്ന് ആറ് വിദ്യാര്‍ഥികളെയായിരുന്നു അവാര്‍ഡിന് തിരഞ്ഞെടുത്തത്. 2018ലെ ദേശീയ സാംസ്‌കാരികോല്‍സവത്തിലേക്ക് ശില്‍പകലയില്‍ തിരഞ്ഞെടുക്കപ്പെട്ട ഏക ബാലശില്‍പിയാണ്. പറയിപെറ്റ പന്തിരുകുലം, അമ്മയും കുഞ്ഞും, ഗാന്ധിജി, ബുദ്ധന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ട്.
ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഗവ. ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയായ  ചിത്രരാജ് മൂന്നാം വയസ്സിലാണ് ശില്‍പ നിര്‍മാണ പഠനം തുടങ്ങിയത്. ആറാം ക്ലാസ് മുതല്‍ സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ ഒന്നാമനായി തുടര്‍ന്നു. ചെറുവത്തൂര്‍ തിമിരിയാണ് സ്വദേശം. കൊടക്കാട് ഒറോട്ടച്ചാല്‍ ഹരിജന്‍ കോളനി നിവാസിയായ കെ എം രേവതി 2016-17ല്‍ ശില്‍പകലയില്‍ ഭാരത സര്‍ക്കാര്‍ ടാലന്റ് റിസേര്‍ച്ച് അവാര്‍ഡിന് അര്‍ഹത നേടിയ ഇന്ത്യയിലെ അഞ്ച് വിദ്യാര്‍ഥികളില്‍ ഒരാളാണ്.  ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, ഡോ. ബി ആര്‍ അംബേദ്കര്‍ തുടങ്ങിയ ശില്‍പങ്ങള്‍ നിര്‍മിച്ചു. കൊടക്കാട് കെഎംവിഎച്ച്എസ്് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
15 അടി ഉയരമുള്ള ശില്‍പം നിര്‍മിക്കുകയാണ് ചിത്രരാജിന്റെ ലക്ഷ്യം, രേവതിയുടേത് 10 അടി ശില്‍പവും. ഓരോ സംഘത്തിലും സഹായികളടക്കം ഏഴുപേര്‍ വീതമായി 14 ശില്‍പകലാ വിദ്യാര്‍ഥികളാണുള്ളത്.  ബേക്കല്‍ ബീച്ചില്‍ ക്യാംപ് ചെയ്താണ് ഇവര്‍ ശില്‍പങ്ങള്‍ നിര്‍മിക്കുന്നത്. ഒരു മാസം കൊണ്ട് രണ്ട് ശില്‍പങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ്  ഉദ്ദേശിക്കുന്നത്.
Next Story

RELATED STORIES

Share it