ബെഹ്‌റയുടെ നിയമനം ചട്ടം ലംഘിച്ചെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ചെന്ന് റിപോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് നിയമനമെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ആറു മാസത്തിനുള്ളില്‍ കൂടുതലുള്ള താല്‍ക്കാലിക നിയമനത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം. ഇതു ലംഘിച്ചാണ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഐപിസി നിയമപ്രകാരം ലീവ് വേക്കന്‍സിയില്‍ ഒരാളെ ഒരു മാസത്തില്‍ കൂടുതല്‍ നിയമിക്കണമെങ്കില്‍ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍, ബെഹ്‌റയുടെ നിയമനം സംബന്ധിച്ച് സംസ്ഥാനം കേന്ദ്രത്തെദ്യോഗികമായി അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ജേക്കബ് തോമസിന്റെ ഒഴിവില്‍ കഴിഞ്ഞ 11 മാസമായി ബെഹ്‌റയാണ് വിജിലന്‍സ് ഡയറക്ടര്‍. ഡിജിപി പദവിയിലുള്ള മറ്റ് ഉദ്യോഗസ്ഥരുണ്ടായിട്ടും ബെഹ്‌റയ്ക്ക് ഡയറക്ടര്‍ സ്ഥാനം നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍  അമര്‍ഷമുണ്ട്. ബെഹ്‌റ ചുമതലയേറ്റതോടെ ഉന്നതോദ്യോഗസ്ഥര്‍ പ്രതികളായ 13 കേസുകളിലാണ് തെളിവില്ലെന്ന് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. അഴിമതിക്കേസുകളില്‍ പെട്ട പോലിസ് ഉദ്യോഗസ്ഥരുടേതടക്കം 30 പേരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തു. ഉന്നതര്‍ക്കെതിരേ അന്വേഷണം മുറുകുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതും വിജിലന്‍സില്‍ പതിവാണെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഇരട്ട പദവി നല്‍കിയതിനെ ചോദ്യം ചെയ്ത് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിനു തിരിച്ചടിയുണ്ടാവുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it