ബെസ്റ്റ് ബേക്കറി കേസ്ഇരയ്ക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ബെസ്റ്റ് ബേക്കറി കൂട്ടക്കൊല ക്കേസില്‍ പരിക്കു പറ്റിയ ഇരയ്ക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രിംകോടതി. സംഭവത്തില്‍ പരിക്കേറ്റ നസീബുല്ല ഹബീബുല്ലയ്ക്ക് ആറാഴ്ചയ്ക്കകം നഷ്ടപരിഹാര തുകയായ മൂന്നുലക്ഷം നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനു സുപ്രിംകോടതി നിര്‍ദേശം നല്‍കി. വിധി പുറപ്പെടുവിച്ച ഇന്നലെ മുതല്‍ ആറാഴ്ചയ്ക്കകം കേസിലെ 12ാം കക്ഷിയായ നസീബുല്ലയ്ക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണു ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, വിനീത് ശരണ്‍ എന്നിവര്‍ വിധിച്ചത്. അതേസമയം, ഈ കേസിന്റെ വിചാരണാ വേളയില്‍ കൂറുമാറിയ സാക്ഷി യാസ്മിന്‍ നഫീതുല്ല ഹബീബുല്ല ശെയ്ഖിനു നല്‍കിയ നഷ്ടപരിഹാരം പരമോന്നത കോടതി റദ്ദാക്കുകയും ചെയ്തു. ബെസ്റ്റ് ബേക്കറി കൂട്ടക്കൊല സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് മൂന്നുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണു സുപ്രിംകോടതിയുടെ സുപ്രധാന നടപടി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയ്ക്കിടെ പരിക്കേറ്റ ആറു പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇതു പ്രകാരമാണ് സംഭവത്തില്‍ പരിക്കേറ്റ കേസിലെ 13ാം കക്ഷിയായ യാസ്മിന്‍ ശെയ്ഖിനും നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. കൂറുമാറിയ ഇവര്‍ക്കുള്ള നഷ്ടപരിഹാരമാണു സുപ്രിംകോടതി ഇന്നലെ റദ്ദാക്കിയത്.

Next Story

RELATED STORIES

Share it