ബെല്‍ജിയം: വിദ്യാലയങ്ങളും മെട്രോ സ്‌റ്റേഷനുകളും വീണ്ടും തുറന്നു

ബ്രസ്സല്‍സ്: പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ദിവസങ്ങളായി അടച്ചിട്ട ബ്രസ്സല്‍സിലെ വിദ്യാലയങ്ങളും മെട്രോ സ്‌റ്റേഷനുകളും വീണ്ടും തുറന്നു.
എന്നാല്‍, പാരിസ് ആക്രമണത്തില്‍ പങ്കാളികളായവരില്‍ പലരും ബെല്‍ജിയത്തില്‍നിന്നുള്ളവരായതിനാല്‍ തലസ്ഥാനം ഇപ്പോഴും അതീവ സുരക്ഷയിലാണ്. നൂറു കണക്കിന് സായുധ പോലിസും സൈന്യവും മേഖലയില്‍ പട്രോളിങ് നടത്തുന്നുണ്ട്. ഏതാനും മെട്രോ ലൈനുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. തിങ്കളാഴ്ച വരെ തലസ്ഥാനത്ത് അതീവ സുരക്ഷ തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. വ്യാപാര കേന്ദ്രങ്ങളില്‍ ആക്രമണത്തിനു പദ്ധതിയിട്ടെന്നു കരുതുന്ന 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു ബെല്‍ജിയന്‍ വിദേശകാര്യമന്ത്രി ദിദിയര്‍ റെയ്ന്‍ഡേഴ്‌സ് അറിയിച്ചു. പാരിസിലുണ്ടായ ആക്രമണ പരമ്പരയില്‍ 130 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഫ്രഞ്ച് അധികൃതര്‍ വ്യക്തമാക്കിയത്. അക്രമികളില്‍ ഒരാള്‍ ബെല്‍ജിയത്തിലേക്കു കടന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.
ഐഎസ് സായുധസംഘം ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണവുമായി ബന്ധപ്പെട്ട് ബെല്‍ജിയത്തില്‍ അഞ്ചു പേര്‍ക്കെതിരേ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it