ബെര്‍നാബുവില്‍ ക്രിസ്റ്റി ഷോ...

മാഡ്രിഡ്/ ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ അവിശ്വസനീയ തിരിച്ചുവരവുകളിലൊന്ന് നടത്തി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് സെമി ഫൈനലിലേക്ക് കുതിച്ചു.
അസാധ്യമെന്നു വിലയിരുത്തപ്പെട്ടിരുന്ന ലക്ഷ്യത്തിലേക്ക് റയലിനെ നയിച്ചത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക പ്രകടനമായിരുന്നു. ക്രിസ്റ്റി ഹാട്രിക്കുമായി കളംവാണപ്പോള്‍ ജര്‍മന്‍ ടീം വോള്‍ഫ്‌സ്ബര്‍ഗിനെ റയല്‍ 3-0നു തുരത്തി. ഒന്നാംപാദത്തില്‍ 0-2നു തോറ്റ റയല്‍ ഇരുപാദങ്ങളിലുമായി 3-2ന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കരസ്ഥമാക്കിയത്.
മറ്റൊരു ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ജേതാക്കളായ പാരിസ് സെന്റ് ജര്‍മെയ്‌നെ 1-0നു മറികടന്ന് ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയും സെമി ഫൈനലില്‍ കടന്നു. സിറ്റിയുടെ കന്നി സെമി കൂടിയാണിത്. ബെല്‍ജിയന്‍ സ്റ്റാര്‍ കെവിന്‍ ഡിബ്രൂയ്‌നിന്റെ തകര്‍പ്പന്‍ ഗോളാണ് സിറ്റിക്കു ജയവും സെമി ബെര്‍ത്തും സമ്മാനിച്ചത്.
സ്വപ്‌നലോകത്ത് റയല്‍
വോള്‍ഫ്‌സ്ബര്‍ഗിനെതിരായ ഉജ്ജ്വല ജയത്തോടെ ചാംപ്യന്‍സ് ലീഗിന്റെ സെമിയിലെത്തിയതിന്റെ ആവേശം ഇപ്പോഴും റയലില്‍ അലയടിക്കുകയാണ്. ജര്‍മനിയില്‍ നടന്ന ഒന്നാംപാദത്തില്‍ 0-2നു തോറ്റതിനാല്‍ റയലിനു സെമിയില്‍ ഇടം ലഭിക്കുമെന്ന് ആരാധകര്‍ പോലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അസാധ്യമായി ഒന്നുമില്ലെന്ന് മുന്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ കാണിച്ചുതന്നു. ഏറക്കുറെ ഒറ്റയ്ക്കാണ് ക്രിസ്റ്റി ടീമിനെ സെമിയിലേക്ക് കൈപിടിച്ചു കൊണ്ടുപോയത്. 16, 17, 77 മിനിറ്റുകളിലായിരുന്നു ഹോംഗ്രൗണ്ടായ സാ ന്റിയാഗോ ബെര്‍നാബുവില്‍ ക്രിസ്റ്റിയാനോയുടെ ഹാട്രിക് നേട്ടം.
റയലിന്റെ പുതിയ കോച്ചായ മുന്‍ ഫ്രഞ്ച് ഇതിഹാസം സൈനുദ്ദീന്‍ സിദാനും ആശ്വാസം പകരുന്നതാണ് റയലിന്റെ ത്രസിപ്പിക്കുന്ന വിജയം. ടീം സെമി കാണാതെ പുറത്തായിരുന്നെങ്കില്‍ സിദാന്റെ ഭാവി തന്നെ ഒരുപക്ഷെ അനിശ്ചിതത്വത്തിലാവുമായിരുന്നു.
ആക്രമണാത്മക ഫുട്‌ബോളാണ് റയല്‍ മല്‍സരത്തിന്റെ തുടക്കം മുതല്‍ കാഴ്ചവച്ചത്. ആറാം മിനിറ്റില്‍ ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.
16ാം മിനിറ്റില്‍ ബെര്‍നാബു സ്റ്റേഡിയത്തെ ഇളക്കിമറിച്ച് ക്രിസ്റ്റ്യാനോ റയലിന്റെ തിരിച്ചുവരവിന് തുടക്കമിട്ടു. ഡാനി കര്‍വാജാല്‍ വലതുവിങിലൂടെ കുതിച്ചെത്തി ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ വോള്‍ഫ്‌സ്ബര്‍ഗ് താരങ്ങള്‍ മടിച്ചുനിന്നപ്പോള്‍ ക്രിസ്റ്റിയാനോ അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു.
ഈ ഗോളിന്റെ ആവേശമടങ്ങുമുമ്പ് ക്രിസ്റ്റ്യാനോ വീണ്ടും നിറയൊഴിച്ചു. ഇത്തവണയും കര്‍വാജാലാണ് നീക്കത്തിനു തുടക്കമിട്ടത്. ക്രിസ്റ്റിയെ ലക്ഷ്യമാക്കിയുള്ള കര്‍വാജാലിന്റെ ക്രോസ് വോള്‍ഫ്‌സ്ബര്‍ഗ് ക്ലിയര്‍ ചെയ്തതിനെത്തുടര്‍ന്ന് റയലിന് കോര്‍ണര്‍. ഇടതുമൂലയില്‍ നിന്നുള്ള ക്രൂസിന്റെ കോര്‍ണര്‍ കിക്ക് വോള്‍ഫ്‌സ്ബര്‍ഗ് ഡിഫന്റര്‍മാര്‍ക്കിടയിലൂടെ ഉയര്‍ന്നുചാടി ക്രിസ്റ്റ്യാനോ വലയിലേക്ക് ഹെഡ്ഡര്‍ ചെയ്യുകയായിരുന്നു. 29ാം മിനിറ്റില്‍ റയല്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയുടെ വേഗം കുറഞ്ഞ ഷോട്ട് വോള്‍ഫ്‌സ്ബര്‍ഗ് ഗോളിയുടെ കൈകളിലൊതുങ്ങി.
ഒന്നാംപകുതിക്കു മുമ്പ് വോള്‍ഫ്‌സ്ബര്‍ഗിനും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാംപകുതിയിലും റയല്‍ വിജയദാഹത്തോടെ ആക്രമിച്ചുകളിച്ചു. 77ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് റയലിന് അവിസ്മരണീയ ജയം സമ്മാനിച്ചു. ബോക്‌സിനു പുറത്തു നിന്നുള്ള ക്രിസ്റ്റിയുടെ ഫ്രീകിക്ക് വോ ള്‍ഫ്‌സ്ബര്‍ഗ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ വലയില്‍ പതിക്കുകയായിരുന്നു. സീസണില്‍ താരത്തിന്റെ 16ാം ചാംപ്യന്‍സ് ലീഗ് ഗോള്‍ കൂടിയാണിത്.
അവസാന മിനിറ്റുകളില്‍ ലീഡുയര്‍ത്താനുള്ള മൂന്ന് സുവര്‍ണാവസരങ്ങള്‍ റയലിനു ലഭിച്ചെങ്കിലും മുതലെടുക്കാന്‍ കഴിഞ്ഞില്ല.
ചരിത്രം കുറിച്ച് സിറ്റി
സീസണിനുശേഷം സ്ഥാനമൊഴിയുന്ന സിറ്റി കോച്ച് മാന്വല്‍ പെല്ലെഗ്രിനി ചാംപ്യന്‍സ് ലീഗ് നേട്ടത്തോടെ പടിയിറങ്ങാനുള്ള ഒരുക്കത്തിലാണ്. ടീമിനെ ആദ്യമായി ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തിച്ച് അദ്ദേഹം ഈ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുത്തു.
ഫ്രഞ്ച് ഗ്ലാമര്‍ ടീമായ പിഎസ്ജിക്കെതിരേ കളി തീരാന്‍ 14 മിനിറ്റ് ശേഷിക്കെയാണ് ഡിബ്രൂയ്ന്‍ സിറ്റിയുടെ നിര്‍ണായക ഗോള്‍ നിക്ഷേപിച്ചത്.
ഫ്രാന്‍സില്‍ നടന്ന ആദ്യപാദ മല്‍സരം 2-2ന് അവസാനിച്ചിരുന്നു. രണ്ട് എവേ ഗോളുകള്‍ അക്കൗണ്ടിലുള്ളതിനാല്‍ രണ്ടാംപാദം സമനിലയില്‍ പിരിഞ്ഞാലും സിറ്റിക്ക് സെമി ഉറപ്പായിരുന്നു.
ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ സിറ്റിക്കായിരുന്നു മുന്‍തൂക്കം. നിരന്തരം ആക്രമിച്ചുകളിച്ച സിറ്റി പിഎസ്ജിയെ സമ്മര്‍ദ്ദത്തിലാക്കി. 30ാം മിനിറ്റില്‍ സിറ്റിക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും സെ ര്‍ജിയോ അഗ്വേറോ പുറത്തേക്കടിച്ചുപാഴാക്കി.
76ാം മിനിറ്റില്‍ ഡിബ്രൂയ്‌നിന്റെ സൂപ്പര്‍ ഗോള്‍ സിറ്റിക്കു ജയം നേടിക്കൊടുത്തു. ബോക്‌സിനു പുറത്തു നിന്ന് ഡിബ്രൂ യ്ന്‍ പായിച്ച ബുള്ളറ്റ് ഷോട്ട് പിഎസ്ജി ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞുകയറുകയായിരുന്നു.
Next Story

RELATED STORIES

Share it