World

ബെന്‍ഗസി റിപോര്‍ട്ട്; തുര്‍ക്കിയും റഷ്യയും സഹകരണം പുനസ്ഥാപിക്കും

അങ്കാറ: എട്ടു മാസത്തെ ഭിന്നതയ്ക്കുശേഷം തുര്‍ക്കിയും റഷ്യയും സഹകരണം പുനസ്ഥാപിക്കാന്‍ ധാരണയിലെത്തി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ധാരണയിലെത്തിയത്. തീവ്രവാദത്തിനെതിരേ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഇരു നേതാക്കളും അറിയിച്ചു.
രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിച്ച റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ട സംഭവത്തില്‍ ഉര്‍ദുഗാന്‍ കഴിഞ്ഞദിവസം റഷ്യയോട് മാപ്പു ചോദിച്ചിരുന്നു. കൊല്ലപ്പെട്ട വൈമാനികന്റെ കുടുംബത്തോടും അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.
തുര്‍ക്കിക്കു മേല്‍ ഏര്‍പ്പെടുത്തിയ യാത്രാനിരോധനം പുടിന്‍ എടുത്തുകളഞ്ഞു. തുര്‍ക്കിയുമായുള്ള വ്യാപാരബന്ധം പഴയ സ്ഥിതിയിലാക്കാനും പുടിന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിനാവശ്യമായ നടപടികള്‍ ഉടനടി കൈക്കൊള്ളാനും ഉത്തരവില്‍ പറയുന്നു.
നവംബറിലുണ്ടായ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഏറെ വഷളാകുന്നതിലേക്ക് നയിച്ചിരുന്നു. പിന്നാലെ റഷ്യ തുര്‍ക്കിക്കുമേല്‍ സാമ്പത്തിക ഉപരോധവും യാത്രാവിലക്കും ഏര്‍പ്പെടുത്തി. സംഭാഷണവേളയില്‍ ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചതായി തുര്‍ക്കി അറിയിച്ചു.
Next Story

RELATED STORIES

Share it