wayanad local

ബെന്നിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഒടുവില്‍ അംഗീകാരം

മാനന്തവാടി: ആലത്തൂര്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെതിരേ ചെറുവിരലനക്കാന്‍ കൂട്ടാക്കാതെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിട്ടുനിന്നപ്പോള്‍ പൊതുപ്രവര്‍ത്തകനായ കാട്ടിക്കുളം പൂത്തുറയില്‍ ബെന്നി നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ശുഭസമാപ്തി. വിദേശ പൗരന്റെ ഉടമസ്ഥതയിലുള്ള കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നതും പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ബെന്നി തന്നെ.
2007-08 കാലഘട്ടത്തില്‍ ഭൂസംരക്ഷണ സമിതി രൂപീകരിച്ച് എസ്‌റ്റേറ്റ് തിരിച്ചുപിടിക്കാന്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. അന്ന് ഈ സംഘത്തിലുണ്ടായിരുന്ന ബെന്നി പിന്നീട് 2009ലാണ് ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്  ആദ്യത്തെ നിവേദനം ജില്ലാ കലക്ടര്‍ക്ക് നല്‍കിയത്. നടപടിയുണ്ടാവാതെ വന്നപ്പോള്‍ 2011ല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കി.
എന്നാല്‍, സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്നായിരുന്നു മറുപടി. 2013ല്‍ പ്രദേശത്തെ അമ്പതോളം പേരെ ഒപ്പിടുവിച്ച് കൂട്ടനിവേദനം തയ്യാറാക്കി മന്ത്രി ജയലക്ഷ്മി മുഖേന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെയും കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.
ഇതേത്തുടര്‍ന്നാണ് ആലത്തൂര്‍ എസ്‌റ്റേറ്റ് അടിയന്തരമായി എസ്ചീറ്റ് ആക്റ്റ് പ്രകാരം ഏറ്റെടുക്കുന്നതിന് നടപടികളെടുക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ നടത്തിയ ഏക സമരം മാത്രമാണ് സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നുമുണ്ടായത്. ഈ സമരത്തെ തുടര്‍ന്നുള്ള കേസ് ഇപ്പോഴും കോടതിയിലാണ്. ഈ ഫയല്‍ വീണ്ടും റവന്യൂവകുപ്പില്‍ വര്‍ഷങ്ങളോളം നടപടിയൊന്നുമില്ലാതെ കെട്ടിക്കിടന്നു. ഇതുസംബന്ധിച്ച് നിരന്തരം പത്രവാര്‍ത്തകളും പരാതികളും വിവിധ ഓഫിസുകളിലേക്ക് ബെന്നി മുടക്കമില്ലാതെ അയച്ചുകൊണ്ടിരുന്നു.
കൈയില്‍ നിന്നു ധാരാളം പണം ചെലവഴിച്ചു. പല ഭാഗത്ത് നിന്നും ഭീഷണികളും മറ്റും ഉണ്ടായപ്പോഴും തളര്‍ന്നില്ല. ചില ഉദ്യോഗസ്ഥര്‍ അനുകൂലമായി നിന്നപ്പോള്‍ മറ്റു ചിലര്‍ ഭൂമി ഏറ്റെടുക്കലിന് എതിരായി പ്രവര്‍ത്തിച്ചു. മൂന്നു വര്‍ഷമായിട്ടും ഭൂമിയേറ്റെടുക്കല്‍ കടലാസിലൊതുങ്ങയപ്പോള്‍ 2016 ഒക്ടോബറില്‍ വീണ്ടും പരാതിയുമായി ജില്ലാ കലക്ടര്‍ക്ക് മുന്നിലെത്തി.
2015 ഡിസംബറില്‍ അന്നത്തെ തഹസില്‍ദാര്‍ സോമനാഥന്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരേ നല്‍കിയ റിപോര്‍ട്ട് വെളിച്ചത്ത് കൊണ്ടുവന്നതും ഇതിനെതിരേ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതും ബെന്നിയാണ്. ഏറ്റവുമൊടുവിലായി നിലവിലെ മാനന്തവാടി തഹസില്‍ദാര്‍ നല്‍കിയ, ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവന്‍ സാധ്യതകളും നിരത്തിക്കൊണ്ടുള്ള റിപോര്‍ട്ടിന് പിന്നിലും ബെന്നി ലാന്റ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയായിരുന്നു അടിസ്ഥാനം.
എസ്‌റ്റേറ്റ് ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയെങ്കിലും ആറുമാസത്തെ അപ്പീല്‍ സമയം കൈവശക്കാരന് അനുവദിച്ചിട്ടുണ്ട്. ഈ അപ്പീല്‍ തള്ളുന്ന പക്ഷം കോടതിയെ സമീപിക്കുകയാവും കൈവശക്കാരന്‍ ചെയ്യുക. അങ്ങനെ വന്നാല്‍ കോടതിയില്‍ കക്ഷിചേര്‍ന്ന് ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതു വരെ പോരാടാന്‍ തന്നയാണ് ബെന്നിയുടെ തീരുമാനം.
Next Story

RELATED STORIES

Share it