ബുരാരി കൂട്ടമരണം: സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ബുരാരി കൂട്ടമരണത്തില്‍ ഉള്‍പ്പെട്ടവര്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപോര്‍ട്ട് ക്രൈംബ്രാഞ്ചിനു ലഭിച്ചു. കൊല്ലപ്പെട്ടവരുടെ മാനസിക നില വിശകലനം ചെയ്തുള്ള റിപോര്‍ട്ടാണിത്. ഒരു കുടുംബത്തിലെ 11 പേരെയാണ് ബുരാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐയുടെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലെ വിദഗ്ധരുടെ സമിതിയാണ് കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ പരിശോധിച്ചത്.
ഡല്‍ഹി പോലിസിന്റെ ആവശ്യപ്രകാരമായിരുന്നു പരിശോധന. വിദഗ്ധ സംഘം അയല്‍വാസികളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. മരിച്ച ഓരോരുത്തരെക്കുറിച്ചും വ്യക്തമായ പഠനവും നടത്തിയിരുന്നു.
മരിച്ച വീട്ടില്‍ നിന്ന് പത്തോളം നോട്ടുബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഓരോ പുസ്തകത്തിലും ഓരോരുത്തരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളും എങ്ങനെ പാപമോചനം ലഭിക്കും എന്നതിനെക്കുറിച്ചുമെല്ലാം വ്യക്തമായ കുറിപ്പുകള്‍ ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ഇവയെല്ലാം പരിശോധന വിധേയമാക്കിയിരുന്നു. സംശയകരമായ ആത്മഹത്യകളിലും ദുരൂഹ മരണങ്ങളിലുമാണ് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി നടത്താറുള്ളത്. ബുരാരി കുടുംബത്തിന്റെ മരണത്തില്‍ ചില ദുരൂഹതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടികളിലേക്ക് കടന്നത്.



Next Story

RELATED STORIES

Share it