Flash News

ബുഫണ്‍, ചരിത്രത്തില്‍ നിങ്ങള്‍ തനിച്ചല്ല



കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തില്‍ സിനദിന്‍ സിദാനും ശിഷ്യന്മാരും കാല്‍പന്ത് ലോകത്തിന്റെ രാജാക്കന്മാരായി പട്ടാഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ തല കുനിച്ച് മടങ്ങിയ ഒരു താരത്തെ കണ്ട് ലോകം വേദനിച്ചു. യുവന്റസിന്റെ അതികായനായ ഗോള്‍കീപ്പര്‍ ഇതിഹാസ തുല്യനായ ജിയാന്‍ലുജി ബുഫണ്‍ ആണ് ഫുട്‌ബോള്‍ ആരാധകരുടെ കണ്ണ് നനയിച്ചത്. ചരിത്രത്തില്‍ ഒരിക്കലും ദുരന്ത നായകനല്ല ബുഫണ്‍, എങ്കിലും ചാംപ്യന്‍സ് ലീഗ് കിരീടം എന്ന മഹത്തായ നേട്ടം അദ്ദേഹത്തില്‍ നിന്ന് അകലം പാലിക്കുന്നു. ഗോള്‍വലയ്ക്ക് മുന്നില്‍ ഒരു വന്‍മതില്‍ കണക്കെ നിലയുറപ്പിക്കാറുള്ള, ഏത് വശങ്ങളില്‍ നിന്നുമുള്ള പന്തും തടുത്തിടാന്‍ തക്ക കഴിവുള്ള, ഇതിഹാസ തുല്യനാണ് ജിയാന്‍ലുജി ബുഫണ്‍. എങ്കിലും ചാംപ്യന്‍സ് ലീഗ് നേട്ടമൊഴികെ മറ്റെല്ലാം അദ്ദേഹത്തിന്റെ കിരീടത്തില്‍ പൊന്‍തൂവലായിട്ടുണ്ട്. ലോകകപ്പ്, യൂറോ കപ്പ്, സീരി എ ടൈറ്റില്‍ തുടങ്ങിയവയിലെല്ലാം ഈ ഇറ്റാലിയന്‍ വലകാത്ത് കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. ഇപ്പോള്‍ 40 വയസ്സ് പിന്നിട്ട താരം അടുത്ത സീസണില്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അവസാന ചാംപ്യന്‍സ് ലീഗ് എന്ന് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം കരുതിയിട്ടും കാര്‍ഡിഫിലെ പുല്‍മൈതാനിയില്‍ തലകുനിച്ച് മടങ്ങാനായിരുന്നു ബുഫന്റെ വിധി. 2003ല്‍ എസി മിലാന്റെ മുന്നിലും 12 വര്‍ഷങ്ങള്‍ക്ക് ശേഷം ബാഴ്‌സലോണയുടെ മുന്നിലും തലകുനിച്ച് മടങ്ങിയ ബുഫണ്‍ ഇന്നലെയും നിറകണ്ണുകളോടെ മൈതാനം വിട്ടു. ആ മുഖത്തെ വേദന കായിക പ്രേമികളെ ഒന്നടങ്കം നൊമ്പരപ്പെടുത്തുന്നതായിരുന്നു. എന്നാല്‍, ചരിത്രത്തില്‍ ഒറ്റയ്ക്കല്ല ബുഫണ്‍. സമാനമായി ചാംപ്യന്‍സ് ലീഗ് നേടാനാവാത്ത ഇതിഹാസ താരങ്ങള്‍ ഇനിയുമുണ്ട്. ലോഥര്‍ മാത്തോസ്, ഫാബിയോ കനാവരോ, റൊണാള്‍ഡോ, ഹെര്‍നന്‍ ക്രെസ്‌പോ, സെക് ഫാബ്രിഗസ്, മിഷേല്‍ ബള്ളാക്, പാവെല്‍ നെവെദ്, ഫിലിപ്പ് കൊക്കു തുടങ്ങിയ പ്രമുഖ താരങ്ങളേയും ഈ കിരീടം ഉയര്‍ത്താന്‍ വിധി സമ്മതിച്ചിട്ടില്ല. കൂടുതല്‍ തവണ ചാംപ്യന്‍സ് ലീഗില്‍ ബൂട്ടണിഞ്ഞ റെക്കോഡുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെറ്ററന്‍ താരം സ്ലദാന്‍ ഇബ്രാഹിമോവിച്ചിന്റെ നഷ്ടങ്ങളുടെ പട്ടികയിലും ഒന്നാംസ്ഥാനത്തുള്ളത് ചാംപ്യന്‍സ് ലീഗാണ്.
Next Story

RELATED STORIES

Share it