World

ബുദ്ധ സന്ന്യാസിമാരുടെ പീഡനം: ദലൈലാമയ്ക്ക് നേരിട്ട് പരാതി നല്‍കി

റോട്ടര്‍ഡാം: തിബത്തന്‍ ബുദ്ധമത പ്രചാരകര്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ട സ്ത്രീകളെ ദലൈലാമ സന്ദര്‍ശിച്ചു. സന്ന്യാസിമാര്‍ ശാരീരികവും ലൈംഗികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതി ഉന്നയിച്ച നാലു സ്ത്രീകളാണ് ബുദ്ധമതത്തിന്റെ പരമോന്നത ആത്മീയനേതാവായ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയത്. പീഡനത്തിനിരയായ 12 പേരുടെ കത്തുകളും ഇവര്‍ കൈമാറി.
നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിന്റെ ഭാഗമായി റോട്ടര്‍ഡാം നഗരത്തിലെത്തിയപ്പോഴാണ് ദലൈലാമയ്ക്ക് ഇവര്‍ പരാതികള്‍ കൈമാറിയത്. മീ റ്റൂ ഗുരു എന്ന ഹാഷ്ടാഗ് പ്രചാരണവും ബുദ്ധസന്ന്യാസിമാരുടെ പീഡനത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ പരാതിയില്‍ 1,300 പേര്‍ ഒപ്പുവച്ചു. 20 മിനിറ്റോളം പരാതിക്കാരുമായി ദലൈലാമ ചര്‍ച്ച നടത്തിയതായി ഡച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം സ്വദേശികളാണ് ബുദ്ധമത സന്ന്യാസികള്‍ക്കെതിരേ ലൈംഗികപീഡന പരാതി ഉന്നയിച്ചിട്ടുള്ളത്. ഈ സംഭവത്തില്‍ നടപടിയെടുക്കാമെന്നു ലാമ ഉറപ്പുനല്‍കിയതായി പരാതിക്കാര്‍ അറിയിച്ചു. നവംബറില്‍ ബുദ്ധമത പ്രചാരകരുടെ യോഗം വിളിച്ചുചേര്‍ത്ത് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ദലൈലാമ അറിയിച്ചതായി അവര്‍ പറഞ്ഞു. ഈ വിഷയം സംബന്ധിച്ചു പ്രതികരിക്കാന്‍ ദലൈലാമ തയ്യാറായില്ല.
Next Story

RELATED STORIES

Share it