thrissur local

ബുദ്ധിപരമായ പോലിസ് സേവനമാണ് ജനാധിപത്യത്തിനാവശ്യം: ഗവര്‍ണര്‍

തൃശൂര്‍: ബുദ്ധിപരമായ പോലിസ് സേവനമാണ് ജനാധിപത്യത്തിന് ആവശ്യമെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരത്ത് പോലിസ് അക്കാദമിയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും അക്കാദമി ദിന പ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം.
നിയമം നടപ്പിലാക്കല്‍ മാത്രമല്ല പോലിസിന്റെ ചുമതല. സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പോലിസിന്റെ ഇടപെടലുകള്‍ ആവശ്യമാണ്. മനുഷ്യാവകാശ സംരക്ഷണം, രാഷട്രീയ സാമ്പത്തികാവകാശങ്ങളുടെ സംരക്ഷണം, ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം തുടങ്ങിയവയും പോലിസിന്റെ ഉത്തരവാദിത്വമാകണം. സെന്‍സിറ്റീവായ ജോലിയാണ് പോലിസിന്റേത്. കൃത്യനിര്‍വഹണത്തിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നിമിഷങ്ങള്‍കൊണ്ട് ലോകം മുഴുവനെത്തും. അതിനാല്‍ ഓരോ പ്രവര്‍ത്തനത്തിലും പോലിസിന് ജാഗ്രതയും ശ്രദ്ധയും വേണം. നിയമപാലനത്തിലും കാര്യക്ഷമതയിലും മികവുറ്റതാണ് കേരള പോലിസ്. പോലിസിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടാല്‍ അത് സര്‍ക്കാരിനെയും ബാധിക്കും- ഗവര്‍ണ്ണര്‍ പറഞ്ഞു.
പോലിസുകാര്‍ തങ്ങളുടെ അവകാശങ്ങള്‍ ഉത്തരവാദിത്തബോധത്തോടെ വിനിയോഗിക്കണം. ഇത് ജനാധിപത്യത്തിന് അത്യന്താപേഷിതമാണ്. ജനങ്ങളുമായുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സൈബര്‍, പോക്‌സോ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലിസ് കാര്യക്ഷമമായ നടപടി കൈക്കൊള്ളേണ്ടതുണ്ട്. ജനങ്ങള്‍ക്ക് നിയമാവബോധം നല്‍കണം. താഴെത്തട്ടിലുള്ള പോലിസുകാര്‍ പോലും നിയമതലത്തിലുണ്ടാവുന്ന ഏറ്റവും പുതിയ മാറ്റങ്ങളും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം.
ജനങ്ങളുടെ ശരിയായ സുഹൃത്തായാണ് പോലിസ് പ്രവര്‍ത്തിക്കേണ്ടത്. പോലിസിനെ പലപ്പോഴും അഴിമതിക്കാരായും മോശക്കാരായും ചിത്രീകരിക്കുന്ന പ്രവണത സമൂഹത്തിലുണ്ട്. ഇത് പ്രവര്‍ത്തികൊണ്ട് പോലിസ് മാറ്റിയെടുക്കണം. കേസ് രജിസ്ട്രര്‍ ചെയ്യുന്നതിലും അന്വേഷണത്തിലും ഉണ്ടാകുന്ന കാലതാമസം നിയമവാഴ്ചയുടെ അന്ത:സത്തയെ ഇല്ലാതാക്കുമെന്നും കേസന്വേഷണം പൂര്‍ത്തിയാകുന്നതോടെ പോലിസിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
ആഭ്യന്തര സുരക്ഷയും ദേശീയ സുരക്ഷയും പരസ്പരം പൂരകമാണ്. ഇതില്‍ പോലിസിന്റെ റോള്‍ നിര്‍ണ്ണായകമാണ്. കേരളപോലിസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പോലിസ് അക്കാദമി പോലിസ് പരിശീലനത്തിലും ഗവേഷണത്തിലും മികവിന്റെ കേന്ദ്രമാകുമെന്നും അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുമെന്നും ഗവര്‍ണ്ണര്‍ ആശംസിച്ചു.
സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷത വഹിച്ചു. എഡിജിപിയും കേരള പോലിസ് അക്കാദമി ഡയറക്ടറുമായ ഡോ. ബി സന്ധ്യ, ഡിഐജി അനൂപ് കുരുവിള ജോണ്‍ പങ്കെടുത്തു. വിവിധ പ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച പോലിസുകാര്‍ക്ക് ഗവര്‍ണ്ണര്‍ ഉപഹാരങ്ങള്‍ നല്‍കി.
Next Story

RELATED STORIES

Share it