palakkad local

ബുദ്ധദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതത്തെ വ്യാഖ്യാനിക്കാന്‍ ഒരു ചിത്രം

പാലക്കാട്: ബുദ്ധദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്‍ഡ് സ്പ്രിങ്' എന്ന ചിത്രം. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച ടോപ് ടെന്‍ കിംകിഡുക് ഫിലിം ഫെസ്റ്റിവലില്‍ ഇന്നലെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഋതുചക്രം പ്രകൃതിയിലും ജീവിതത്തിലുമുണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശീര്‍ഷകം തന്നെ ഋതുപരിണാമത്തിന്റെ സൂചന നല്‍കുന്നു. മലകള്‍ക്കും കാടിനും നടുവില്‍ പ്രശാന്തമായ തടാകം അവിടൊരാശ്രമം. അന്തേവാസികളായി ബുദ്ധ സന്ന്യാസിയും ശിഷ്യനും. അര നൂറ്റാണ്ടിനിടയില്‍ ഈ ശിഷ്യന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ ഊന്നിയാണ് കഥ നീങ്ങുന്നത്.
വസന്തത്തിലെ പ്രഭാതം, പൂത്തുലഞ്ഞുനില്‍ക്കുന്ന പ്രകൃതി. ആശ്രമത്തിലേക്കാവശ്യമായ പച്ചമരുന്നുകള്‍ ശേഖരിക്കാന്‍ പുറപ്പെടുന്ന ശിഷ്യന് ഗുരു പ്രതിബന്ധങ്ങളുടെയും തിരിച്ചറിവിന്റെയും ആദ്യപാഠങ്ങള്‍ നല്‍കുന്നു വസന്തകാലമവസാനിക്കവേ ജീവിത പാഠങ്ങള്‍ മനസ്സിലാക്കുന്നു അവന്‍. ഗ്രീഷ്മകാലമാവുമ്പോ ള്‍ അവന്‍ യുവാവായിക്കഴിഞ്ഞിരുന്നു. കാമമോഹിതമാണ് അവന്റെ മനസ്സപ്പോള്‍. ഏതോ മാറാരോഗത്തിനുള്ള ചികില്‍സയ്ക്കായി ആശ്രമത്തിലെത്തുന്നു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീട് ഉണ്ടാകുന്ന പ്രണയ നൈരാശ്യവും അവന്റെ ആത്മീയ ചിന്തകള്‍ക്ക് ഇളക്കമുണ്ടാക്കുന്നു.
പിന്നീട് പതനത്തിന്റെ, വീഴ്ചയുടെ, ഇലപൊഴിയും ശരത്കാലം. കാമുകിയെ കൊന്നതിന് ശേഷം അവന്‍ ഗുരുവിനെ കാണാന്‍ വരുന്നു. തുടര്‍ന്ന് ഡിറ്റക്ടീവ്കള്‍ എത്തി അവനെ അറസ്റ്റ് ചെയ്യുന്നു. തടാകത്തിലെ ബോട്ടില്‍ സ്വയം ചിതയൊരുക്കി തീ കൊളുത്തി ഗുരു നിര്‍വാണം പൂകുന്നു. ശിശിരകാലത്ത് അവന്‍ ശിക്ഷ കഴിഞ്ഞ് ആശ്രമത്തിലേക്ക് തിരിച്ചു വരികയും ഗുരുവിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു. ഒരു ദിവസം കുഞ്ഞുമായി ആശ്രമത്തിലെത്തുന്നു യുവതി, കുഞ്ഞിനെ അവിടെയേല്‍പിച്ച് തിരിച്ചുപോകവെ മഞ്ഞിന്‍ പാളികള്‍ അകന്നു മാറിയുണ്ടായ കുഴിയില്‍ വീണ് മരിക്കുന്നു. പണ്ട് താന്‍ ചെയ്ത പാപങ്ങള്‍ക്കുള്ള പരിഹാരമായി കൂറ്റന്‍ കല്ല് കെട്ടിവലിച്ച് ബുദ്ധവിഗ്രഹവുമായി പുതിയ ഗുരു മലകയറുകയാണ്. അവസാനം വസന്തത്തിലേക്കു തന്നെ മടങ്ങുകയാണ് പ്രകൃതി. പഴയ ശിഷ്യന്‍ ഗുരുവായി മാറിയിരിക്കുന്നു. ശിഷ്യനായി ഒരു കുസൃതിക്കുരുന്നുമുണ്ട്. പ്രകൃതിയും ആശ്രമവും വീണ്ടും ഋതുപരിണാമങ്ങള്‍ക്കു കാതോര്‍ക്കവെ ചിത്രം അവസാനിക്കുന്നു. ഇനിയുമുരുളുന്ന കാലത്തിനും പാപഭരിതമായ കര്‍മബന്ധങ്ങളുടെ കഥപറയാനുണ്ടാകും എന്ന് സംവിധായകന്‍ സൂചിപ്പിക്കുന്നു.
Next Story

RELATED STORIES

Share it