kasaragod local

ബീരിച്ചേരി മേല്‍പ്പാല നിര്‍മാണം അടുത്തവര്‍ഷം

തൃക്കരിപ്പൂര്‍: നിര്‍ദ്ദിഷ്ട ബീരിച്ചേരി മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് മുന്നോടിയായി വിശദ പദ്ധതി റിപോര്‍ട്ട് സമര്‍പ്പിച്ചു. മൂന്ന് മാസം കൊണ്ട് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി അടുത്തവര്‍ഷം പ്രവൃത്തി ആരംഭിക്കുമെന്നാണ് വിവരം. 2015 ഫെബ്രുവരിയില്‍ റെയില്‍ ബജറ്റിലാണ് ബീരിച്ചേരി മേല്‍പാലം പ്രഖ്യാപിക്കപ്പെട്ടത്.
റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനാണ് അലൈമെന്റുള്‍പ്പെടെ ഡീറ്റൈല്‍ഡ് പ്രോജക്ട് റിപോര്‍ട്ട്  തയ്യാറാക്കി കൈമാറിയത്. മൂന്ന് രൂപരേഖകള്‍ സമര്‍പ്പിച്ചതില്‍ ഒന്നാം പ്ലാനാണ് പരിഗണിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സൗകര്യവും ലാഭവും കണക്കിലെടുത്താണിത്. 40.88 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. നിലവിലുള്ള ലെവല്‍ ക്രോസ് നിലനിര്‍ത്തി കൊണ്ട് വാഹന ഗതാഗതം തടസപ്പെടാത്ത രീതിയിലാണ് ദിശ മാറ്റി നിര്‍മിക്കുക. 900 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മേല്‍പാലം വരിക.
പുതുതായി 95 സെന്റ് ഭൂമി ഏറ്റടുക്കേണ്ടി വരും. 7.88 കോടി രൂപയാണ് ഭൂമിക്ക് വില നിശ്ചയിച്ചത്. ബാക്കി 33 കോടി രൂപയാണ് നിര്‍മാണത്തിന് വേണ്ടിവരുക. 18 കെട്ടിടങ്ങള്‍  പൊളിച്ച് നീക്കേണ്ടിവരും. ഇരു വശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 10.2 മീറ്റര്‍ വീതിയിലാണ് മേല്‍പാലം പണിയുക.
50 മീറ്റര്‍ ഭാഗം റെയില്‍വെ നേരിട്ട് നിര്‍മിക്കും. 2015ല്‍ റെയില്‍വെ ബജറ്റില്‍ ബീരിച്ചേരിയും 2016ല്‍ വെള്ളാപ്പ് റോഡ്, ഉദിനൂര്‍ എന്നിവിടങ്ങളില്‍ മല്‍പ്പാലം നിര്‍മിക്കാന്‍  നടപടിയായിരുന്നു. 20 കോടി വീതമാണ് സര്‍ക്കാര്‍ തുക റെയില്‍വെക്ക് കൈമാറുന്നത്.
തൃക്കരിപ്പൂരും പരിസരത്തുമായി പ്രവര്‍ത്തിക്കുന്ന പത്തിലേറെ വിദ്യാലയങ്ങളുടെ ബസുകളും ഗതാഗത കുരുക്കില്‍ പെടുന്നു. തൃക്കരിപ്പൂര്‍ പഞ്ചായത്തിനെ രണ്ടായി കീറിമുറിക്കുന്ന ഏഴ് ലെവല്‍ ക്രോസുകള്‍ ഉണ്ട്. ബീരിച്ചേരി റെയില്‍വെ ഗേറ്റില്‍ മേല്‍പാലം പണിയുന്നതോടെ വലിയ യാത്രദുരിതത്തിനാണ് പരിഹാരമാകുന്നത്.
Next Story

RELATED STORIES

Share it