Flash News

ബീമാപ്പള്ളി വെടിവയ്പ് : സര്‍ക്കാര്‍ ഇരട്ടത്താപ്പ് തുടരുന്നു



തിരുവനന്തപുരം: ബീമാപ്പള്ളി വെടിവയ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് 2,136 ദിവസം പിന്നിട്ടിട്ടും നിയമസഭ ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അന്വേഷണ റിപോര്‍ട്ട് പുറത്തുവരുന്നതില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണു പ്രകടമാവുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.ബീമാപ്പള്ളി വെടിവയ്പ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ എന്താണു തടസ്സമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റിപോര്‍ട്ടിലുള്ളത് എന്തെന്ന് അറിയാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് വേഗത്തില്‍ സഭയുടെ മേശപ്പുറത്തു വച്ച സാഹചര്യത്തില്‍ ബീമാപ്പള്ളി വെടിവയ്പ് അന്വേഷണ റിപോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തിനാണ് വിമുഖത കാണിക്കുന്നതെന്ന് പൊതുജനം സംശയിക്കുന്നുണ്ട്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ബീമാപ്പള്ളിയില്‍ ആറു മുസ്്‌ലിംകളെ വെടിവച്ചുകൊന്നത്. ഇത്രയുംനാള്‍ കഴിഞ്ഞിട്ടും വെടിവയ്പിന്റെ കാരണം പൊതുസമൂഹത്തോട് പറയാന്‍ അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. അന്വേഷണ റിപോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, മാറിമാറിവന്ന സര്‍ക്കാരുകള്‍ റിപോര്‍ട്ട് അവഗണിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടി സ്വീകരിക്കാതെ പക്ഷപാതപരമായ സമീപനമാണ് പുലര്‍ത്തുന്നത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ കാലാവധി തീരുംമുമ്പേ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പിന്നീട് സ്ഥാനക്കയറ്റവും നല്‍കി. സമാന സാഹചര്യമുള്ള കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ അന്വേഷണം പൂര്‍ണമാക്കി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചെന്നും അഷ്‌റഫ് മൗലവി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള, ജില്ലാ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുസ്സലാം, ജില്ലാ സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, ശിഹാബുദ്ദീന്‍ മന്നാനി, ഇര്‍ഷാദ് കന്യാകുളങ്ങര, ഖജാഞ്ചി സിദ്ദീഖ് പങ്കെടുത്തു. രാവിലെ 9.30ന് പ്രസ്‌ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് രക്തസാക്ഷിമണ്ഡപത്തിനു സമീപം പോലിസ് തടഞ്ഞു.
Next Story

RELATED STORIES

Share it