ബീമാപ്പള്ളി വെടിവയ്പിന് നാളെ എട്ടാണ്ട്; ഇരകള്‍ക്ക് നീതി ഇനിയും അകലെ

ബീമാപ്പള്ളി  വെടിവയ്പിന്  നാളെ  എട്ടാണ്ട്; ഇരകള്‍ക്ക് നീതി ഇനിയും അകലെ
X


പി എം അഹ്്മദ്

തിരുവനന്തപുരം: മനസ്സാക്ഷിയെ ഞെട്ടിച്ച പോലിസ് നരനായാട്ടിന് സാക്ഷ്യംവഹിച്ച ബീമാപ്പള്ളി വെടിവയ്പിന് നാളെ എട്ടാണ്ട്. 2009 മെയ് 17നാണ് തിരുവനന്തപുരം ജില്ലയിലെ ബീമാപ്പള്ളിയില്‍ ആറുപേരുടെ ജീവനെടുത്ത കിരാതസംഭവം അരങ്ങേറിയത്. 52ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. നിഷ്ഠുരമായ മനുഷ്യക്കുരുതിക്ക് എട്ടാണ്ട് തികയുമ്പോഴും ഇരകള്‍ക്ക് എന്തു നീതി ലഭിച്ചെന്ന ചോദ്യമാണ് ഉയരുന്നത്. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലിയോ പരിക്കേറ്റവര്‍ക്ക് സാമ്പത്തിക സഹായമോ ലഭിച്ചതിനപ്പുറം നിരപരാധികളുടെ ജീവനും രക്തത്തിനും വിലപറഞ്ഞവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനോ അവര്‍ക്ക് അ ര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനോ നീതിന്യായസംവിധാനങ്ങള്‍ക്കായില്ല. ബീമാപ്പള്ളിയിലെ സാധാരണ ജനങ്ങള്‍ക്കു സാമാന്യനീതി നിഷേധിക്കപ്പെട്ടെന്നു മാത്രമല്ല, കൊല്ലപ്പെട്ടവരും പരിക്കേറ്റ് ജീവച്ഛവമായി അവശേഷിക്കുന്നവരും ഉള്‍െപ്പടെയുള്ള ഒരു സമൂഹത്തെ കലാപകാരികളും തീവ്രവാദികളുമാക്കി മുദ്രകുത്തുന്ന കാട്ടുനീതിയാണ് അവിടെ നടമാടിയത്. വളരെ ആസൂത്രിതമായി നിരായുധരായ ഒരു ജനവിഭാഗത്തിനു നേരെ നിറയൊഴിച്ച ഭരണകൂട ഭീകരതയ്ക്കു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ ഇന്ന് ഉദ്യോഗക്കയറ്റം നേടി ഉന്നതങ്ങളില്‍ വിരാജിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ക്രൂരത നടമാടിയിട്ടും ഇരകളും പൊതുസമൂഹവും നാവടക്കുകയോ മൗനമവലംബിക്കുകയോ ചെയ്ത സംഭവം വെടിവയ്പിനേക്കാള്‍ ഭയാനകമാണ്. രാജ്യത്തെ തന്നെ പ്രബലമായ ഒരു ന്യൂനപക്ഷ സമൂഹത്തിലെ ആറോളംപേര്‍ നിരായുധരായി തോക്കിന്‍മുനയില്‍ പിടഞ്ഞുവീണപ്പോള്‍ അത് ജനകീയ വിഷയമായി ഉയര്‍ത്തിക്കാട്ടാന്‍ രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും തയ്യാറായില്ല എന്നതും ആശങ്കാജനകമാണ്. അവിടെ അഞ്ചുപേര്‍ വെടിവയ്പിലും ഒരാള്‍ പോലിസിന്റെ അടിയേറ്റുമായിരുന്നു കൊല്ലപ്പെട്ടത്. അന്ന് സംസ്ഥാനഭരണം കൈയാളിയിരുന്ന ഇടതുപക്ഷ സര്‍ക്കാ ര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിന്റെ തൊട്ടുപിറ്റേന്നായിരുന്നു വെടിവയ്പ് നടന്നതെന്നതും ശ്രദ്ധേയമാണ്. വര്‍ഗീയകലാപം അടിച്ചമര്‍ത്താനുള്ള നിയമപാലകരുടെ നടപടിയായിരുന്നെന്ന് ന്യായീകരിക്കുമ്പോഴും ഒരു വിഭാഗം മാത്രം മരിച്ചുവീണതും പരിക്കേറ്റവരുമായത് യാദൃച്ഛികമെന്നു കരുതാനാവില്ല. വെടിവയ്പിലേക്കു നയിക്കാവുന്ന രീതിയിലുള്ള യാതൊരു സാഹചര്യവും ബീമാപ്പള്ളിയില്‍ നിന്ന് അതുവരെ റിപോര്‍ട്ട് ചെയ്തിരുന്നില്ല. സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ബീമാപ്പള്ളി. എന്നിട്ടും നാടിനെ നടുക്കിയ പോലിസ് നടപടി പുറത്തറിയാന്‍ മണിക്കൂറുകള്‍ വൈകി. കലക്ടറും ആര്‍ഡിഒയും അടക്കമുള്ള ജില്ലാ ഭരണാധികാരികള്‍ പോലിസ് നടപടിയെക്കുറിച്ച് അറിയുന്നത് സംഭവസ്ഥലത്ത് എത്തിയശേഷം മാത്രം. നഗരത്തിലുണ്ടായിരുന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും വെടിവയ്ക്കാനുള്ള അടിയന്തര സാഹചര്യത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. സംഘര്‍ഷ സാഹചര്യങ്ങളില്‍ പോലിസ് ആദ്യം നടത്താറുള്ള ലാത്തിച്ചാര്‍ജ് ബീമാപ്പള്ളിയില്‍ നടന്നില്ല. ജലപീരങ്കിയോ കണ്ണീര്‍വാതകമോ റബര്‍ ബുള്ളറ്റുകളോ പ്രയോഗിച്ചിട്ടില്ല. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്കു വെടിവച്ചില്ല. മുന്നറിയിപ്പുകളോ നടപടിക്രമങ്ങളോ പാലിക്കാതെ ബീമാപ്പള്ളിക്കാരുടെ നെഞ്ചിനുനേരെ നിറയൊഴിക്കാന്‍ പോലിസ് തിടുക്കംകാട്ടിയത് ആര്‍ക്കുവേണ്ടിയായിരുന്നെന്ന ചോദ്യം സംഭവം നടന്ന് എട്ടാണ്ടിനു ശേഷവും ഉത്തരമില്ലാതെ അവശേഷിക്കുന്നു. സിബിഐ അന്വേഷണത്തിനു വിട്ടെങ്കിലും അവസാനം ആവിയായി. പിന്നീട് തിരുവനന്തപുരം ജില്ലാ ജഡ്ജി കെ രാമകൃഷ്ണന്‍ കമ്മീഷനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചെങ്കിലും രാജ്യത്തെ ജുഡീഷ്യല്‍ റിപോര്‍ട്ടുകളുടെ ഗതി ഇവിടെയും ആവര്‍ത്തിച്ചു. പിയുസിഎല്‍, എന്‍സിഎച്ച്ആര്‍ഒ, പൊതുപ്രവര്‍ത്തകനായ ഇസ്ഹാഖ് തുടങ്ങി ചിലരെ മാത്രമാണ് ഇരകളുടെ രോദനം നൊമ്പരപ്പെടുത്തിയതെന്നതും സ്മരണീയമാണ്. സംഭവത്തെക്കുറിച്ചുള്ള ഒരു പുനരന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് നീതി കാംക്ഷിക്കുന്നവരുടെ തേട്ടം.
Next Story

RELATED STORIES

Share it