ബീമാപ്പള്ളി വെടിവയ്പിന് ഏഴു വയസ്സ്

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഹിംസയായ ബീമാപ്പള്ളി വെടിവയ്പിന് ഇന്ന് ഏഴുവയസ്സ്. വെടിവയ്പിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ട് ഇപ്പോഴും വെളിച്ചംകണ്ടിട്ടില്ല. 2009 മെയ് 17ന്, എല്‍ഡിഎഫ് ദയനീയമായി പരാജയപ്പെട്ട ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന്റെ പിറ്റേന്നാണ് ആറു മുസ്‌ലിംകള്‍ കൊല്ലപ്പെടാനും 47 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും കാരണമായ ബീമാപ്പള്ളി വെടിവയ്പ് നടന്നത്.
വെടിവയ്പിന് ഉത്തരവാദികളായ പോലിസുകാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗക്കയറ്റം നല്‍കിയപ്പോള്‍, പരിക്കേറ്റ് ജീവച്ഛവമായവര്‍ പോലിസ് കേസുകളാല്‍ ദുരിതജീവിതം നയിക്കുകയാണ്. വെടിവയ്പിനെതിരേ കേസ് കൊടുത്ത ഇസ്ഹാക്കിന് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. എന്നാല്‍, ക്രൈംബ്രാഞ്ച് നീക്കത്തിനെതിരേ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ് ഇസ്ഹാക്ക്. മുഖ്യധാരാ പാര്‍ട്ടികള്‍ തിരസ്‌കരിക്കുകയും ഇരകളോട് സര്‍ക്കാര്‍ നീതിനിഷേധം തുടരുകയും ചെയ്യുമ്പോള്‍ വിസ്മൃതിയിലാവുന്നത് കേരളം കണ്ട ഏറ്റവും വലിയ വംശീയഹത്യയാണ്.
വിമോചനസമരകാലത്തെ അങ്കമാലി വെടിവയ്പും കൂത്തുപറമ്പ് വെടിവയ്പുമെല്ലാം എല്ലാകാലത്തും ചര്‍ച്ചയായ കേരളത്തില്‍ ബീമാപ്പള്ളി വെടിവയ്പിന്റെ ഉള്ളുകള്ളികള്‍ നിശ്ശബ്ദമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോഴും ശ്രമം തുടരുകയാണ്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് 22നു തന്നെ മന്ത്രിസഭായോഗം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഗസ്ത് ഏഴിന് ഇതിനുള്ള ഉത്തരവും ഇറക്കി. കെ രാമകൃഷ്ണനെ ഏകാംഗ കമ്മീഷനായി നിയമിച്ചു. അന്വേഷണ കമ്മീഷന്‍ 2012 ജനുവരി നാലിന് സര്‍ക്കാരിന് റിപോര്‍ട്ടും സമര്‍പ്പിച്ചു. മാര്‍ച്ച് ആറിന് ഇത് മന്ത്രിസഭായോഗത്തില്‍ വച്ചു. ആഭ്യന്തരവകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പറയുന്നതനുസരിച്ച് നിയമപരമായി ഈ റിപോര്‍ട്ട് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് നിയമലംഘനമാണ്.
1952ലെ അന്വേഷണ കമ്മീഷന്‍ നിയമത്തിലെ വകുപ്പ് 3(4) അനുസരിച്ച് റിപോര്‍ട്ട് സര്‍ക്കാരിനു ലഭിച്ച് ആറുമാസത്തിനുള്ളില്‍ ടോക്കണ്‍ മെമ്മോറാണ്ടം സഹിതം നിയമസഭയുടെ മുന്നില്‍ സമര്‍പ്പിക്കണം. ഇങ്ങനെ നിയമസഭയുടെ മുന്നില്‍ സമര്‍പ്പിക്കാത്ത റിപോര്‍ട്ട് പൗരസമൂഹത്തിനു നല്‍കുന്നത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ചാണ് ഇത് തടഞ്ഞുവച്ചിരിക്കുന്നത്. വിവരാവകാശനിയമത്തിലെ 8(1) സി വകുപ്പുപ്രകാരം നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാവുമെന്നും സൂചിപ്പിച്ചു.
മാറാട് കലാപത്തിലെ അന്വേഷണ റിപോര്‍ട്ടിന്റെ കാര്യത്തിലും ഇതേ കാരണം പറഞ്ഞാണ് ആഭ്യന്തരവകുപ്പ് റിപോര്‍ട്ട് തടഞ്ഞുവച്ചിരുന്നത്. എന്നാല്‍, നിയമസഭ നിയമിച്ച കമ്മീഷനുമേല്‍ മാത്രമേ നിയമസഭയ്ക്ക് അധികാരമുള്ളു. ബീമാപ്പള്ളി വെടിവയ്പില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് മന്ത്രിസഭായോഗമാണ്. അതിനാല്‍ നിയമപരമായി നിയമസഭയ്ക്കു മുന്നില്‍ വയ്ക്കണമെന്നു പറഞ്ഞ് റിപോര്‍ട്ട്് തടഞ്ഞുവയ്ക്കാന്‍ ആഭ്യന്തരവകുപ്പിന് അധികാരമില്ല. അന്വേഷണ കമ്മീഷന്‍ നിയമം-1952 വിവരാവകാശനിയമത്തിന് ബാധകവുമല്ല. ഇത് ഒഴിവാക്കിയാല്‍പ്പോലും റിപോര്‍ട്ട്് നിയമസഭയ്ക്കുള്ളില്‍ ആറുമാസത്തിനകം വയ്‌ക്കേണ്ടത് നടപടിക്രമമാണ്. ഇതു പാലിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it