Flash News

ബീമാപള്ളി പോലിസ് വെടിവയ്പ്; അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് നാലു വര്‍ഷമായി ഫയലിലുറങ്ങുന്നു

എം  എം  സലാം

ആലപ്പുഴ: ആറുപേര്‍ കൊല്ലപ്പെടുകയും 52ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ബീമാ പള്ളി പോലിസ് വെടിവയ്പിന്റെ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് നാലു വര്‍ഷമായി ഫയലിലുറങ്ങുന്നു. സര്‍ക്കാരിനു പ്രത്യേക താല്‍പര്യമുള്ള വിവിധ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടുകളില്‍ ദ്രുതഗതിയില്‍ നടപടികളുണ്ടാവുമ്പോഴാണ് ബീമാ പള്ളി പോലിസ് വെടിവയ്പ് കേസ് കടുത്ത അവഗണനയേറ്റു വാങ്ങുന്നത്.കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ നരനായാട്ടുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ ഇരുമുന്നണികളും ഒളിച്ചുകളി ഇപ്പോഴും തുടരുകയാണ്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും യുഡിഎഫ് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ സോളാര്‍ കേസുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി ശിവരാജന്‍ അധ്യക്ഷനായി 2013 ഒക്ടോബര്‍ 23നാണു സോളാര്‍ കമ്മീഷന്‍ രൂപീകരിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നാല് വര്‍ഷം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ 2017 സപ്തംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിച്ചു. റിപോര്‍ട്ട് ലഭിച്ച് 43ാം ദിവസം തന്നെ സര്‍ക്കാര്‍ പ്രത്യേക നിയമസഭ വിളിച്ചുചേര്‍ത്തു തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. പിണറായി മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കിയ മറ്റൊരു സംഭവമായിരുന്നു ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ  ഫോണ്‍വിളി. സംഭവം വിവാദമായതിനെ തുടര്‍ന്ന് 2017 ഏപ്രില്‍ ഒന്നിനാണ് ജസ്റ്റിസ് പി എസ് ആന്റണി അധ്യക്ഷനായുള്ള അന്വേഷണ കമ്മീഷനെ നിയമിച്ചത്. ഏഴു മാസം മാത്രമെടുത്തു തെളിവു ശേഖരിച്ച ശേഷം മന്ത്രിയെ കുറ്റവിമുക്തനാക്കി. ഫെബ്രുവരി ഒന്നിനു ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തി. ഇത്തരം  നടപടികളുണ്ടാവുമ്പോഴാണ് ഒമ്പതു വര്‍ഷം മുമ്പ് നടന്ന ഉത്തരേന്ത്യന്‍ മോഡല്‍ പോലിസ് വെടിവയ്പ് സംബന്ധിച്ച് ഇടതു, വലതു സര്‍ക്കാരുകളുടെ മൗനം. ബീമാപള്ളി, ചെറിയതുറ ഭാഗത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 2009 മെയ് 17ന് ഉച്ചയ്ക്കാണു ബീമാപ്പള്ളി കടപ്പുറത്തേക്ക് ഇരച്ചുകയറിയ പോലിസ് വെടിവയ്പില്‍ മുസ്‌ലിം സമുദായത്തില്‍പെട്ട ആറുപേര്‍ കൊല്ലപ്പെടുകയും 52 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിവസമാണ് ആറു മനുഷ്യരുടെ നെഞ്ചുപിളര്‍ത്തി പോലിസ് ബീമാപ്പള്ളി തീരത്തു നിറയൊഴിച്ചത്. ഒരു വെടിവയ്പിലേക്കു നയിക്കാവുന്ന യാതൊരു സാഹചര്യവും ബീമാപള്ളിയില്‍ നിന്ന് അതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. സംസ്ഥാന, ജില്ല ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണു ബീമാപ്പള്ളി. എന്നിട്ടും നാടിനെ നടുക്കിയ പോലിസ് നടപടി പുറത്തറിയാന്‍ മണിക്കൂറുകള്‍ വൈകി. നഗരത്തിലുണ്ടായിരുന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും വെടിവയ്ക്കാനുള്ള അടിയന്തര സാഹചര്യത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. മുന്നറിയിപ്പുകളോ, നടപടിക്രമങ്ങളോ പാലിക്കാതെ പോലിസ് ബീമാപള്ളിക്കാരുടെ നെഞ്ചിനു നേരെ നിറയൊഴിക്കാന്‍ തിടുക്കംകൂട്ടിയത് ആര്‍ക്കു വേണ്ടിയെന്ന ചോദ്യം ഒമ്പതാണ്ടുകള്‍ക്കു ശേഷവും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോള്‍ നടന്ന വെടിവയ്പിനെക്കുറിച്ച് ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഉന്നത പോലിസ് ഉേദ്യാഗസ്ഥരെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. തുടര്‍ന്ന് മുസ്‌ലിം സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദഫലമായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണു ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അതനുസരിച്ച് തിരുവനന്തപുരം ജില്ലാ ജഡ്ജി കെ രാമകൃഷ്ണന്‍ അന്വേഷണം നടത്തിയാണ് 2014 ജനുവരി 4ന് റിപോര്‍ട്ട് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്നുള്ള രണ്ടു വര്‍ഷവും ഇതു പരസ്യപ്പെടുത്താനോ, നിയമസഭയില്‍ ചര്‍ച്ച ചെയ്യാനോ തയ്യാറാവാതെ യുഡിഎഫ് സര്‍ക്കാര്‍ ഈ റിപോര്‍ട്ടില്‍ അടയിരുന്നു. 2016 മെയ് മാസത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മന്ത്രിസഭ അധികാരത്തിലെത്തി ഒന്നരവര്‍ഷം പിന്നിടുമ്പോഴും ബീമാപള്ളി പോലിസ് വെടിവയ്പുമായി ബന്ധപ്പെട്ട ഫയല്‍ സെക്രട്ടേറിയറ്റില്‍ പൊടിപിടിച്ച് കിടക്കുകയാണ്.അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടു മാസം മുമ്പ് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. റിപോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാത്തപക്ഷം ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നു കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് അറിയിച്ചു.
Next Story

RELATED STORIES

Share it