ബീഫ് വിലക്കിയ ഐജിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇടതുപക്ഷ പോലിസ് സംഘടന

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ബീഫ് വിലക്കുകയും പോലിസ് അക്കാദമിയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഐജി സുരേഷ് രാജ് പുരോഹിതിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പോലിസ് സംഘടന രംഗത്ത്. രണ്ടു വര്‍ഷം മുമ്പാണ് സംസ്ഥാനത്ത് ആന്ത്രാക്‌സ് രോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ തൃശൂരിലെ പോലിസ് അക്കാദമിയില്‍ ഐജി ബീഫ് നിരോധനം പ്രഖ്യാപിച്ചത്. രോഗം അപ്രത്യക്ഷമായിട്ടും ബീഫ് നിരോധനം പിന്‍വലിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല.
സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍ അക്കാദമിയിലെ ഇടതുപക്ഷ അനുകൂല സംഘടനകള്‍ ചൊവ്വാഴ്ച പോലിസ് അക്കാദമിയിലെ കാന്റീനില്‍ ബീഫ് വിളമ്പിയിരുന്നു. രഹസ്യമായി നടത്തിയ ബീഫ് വിളമ്പല്‍ തടയാന്‍ ഐജിക്ക് സമയം ലഭിച്ചില്ല. ഒരു മണിക്കൂറിനുള്ളില്‍ 200ലേറെ പേരാണ് പോലിസ് അക്കാദമിയിലെ ബീഫ് കഴിച്ചത്. വിവരമറിഞ്ഞെത്തിയ ഐജി സുരേഷ് രാജ് പുരോഹിത് ഇതിനു കാരണക്കാരായവര്‍ക്കെതിരേ നടപടി ഉണ്ടാവുമെന്ന് സൂചന നല്‍കിയിരുന്നു. ഇതിനായി മെസ്സുകളുടേയും കാന്റീനുകളുടേയും ചുമതലയുള്ളവരുടെ അടിയന്തര യോഗവും ചേര്‍ന്നിരുന്നു. എന്നാല്‍, പോലിസ് കാന്റീനില്‍ ഔദ്യോഗികമായി ബീഫ് നിരോധനം ഇല്ലാത്തതിനാല്‍ നടപടി സാധ്യമല്ലെന്നാണ് നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഇടതനുകൂല സംഘടനയുടെ ഭാരവാഹിയായ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരേ ഐജി അന്വേഷണത്തിന് വാക്കാല്‍ ഉത്തരവിട്ടിട്ടുണ്ട്. ഇനിയും പോലിസ് മെസ്സിലും കാന്റീനിലും ബീഫ് വിളമ്പിയാല്‍ നടപടിയെടുക്കുമെന്ന് ഐജി എല്ലാവര്‍ക്കും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പോലിസ് കാന്റീനില്‍ നിന്ന് ബീഫ് കഴിച്ചവരേയും ഐജി പ്രത്യേകം വിളിച്ച് ഭീഷണിപ്പെടുത്തിയതായും അറിയുന്നു.
ഐജിയുടെ നടപടിക്കെതിരേ പോലിസുകാരില്‍ പ്രബല വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഐജിയുടെ വഴിവിട്ട നടപടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ പോലിസ് സംഘടനാ നേതാക്കള്‍ സംസ്ഥാനത്തെത്തി ആഭ്യന്തരമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നാണ് അറിയുന്നത്. അഞ്ചംഗ സംഘമാണ് ഇതിനായി തിരുവനന്തപുരത്തേക്ക് പോവുന്നത്. ഐജിയുടെ പ്ലസ്ടുവില്‍ പഠിക്കുന്ന 16കാരനായ മകന്‍ പോലിസ് കാംപസില്‍ ഔദ്യോഗിക വാഹനങ്ങള്‍ ഓടിച്ച വിവാദ സംഭവത്തില്‍ അന്വേഷണം പുനരാരംഭിക്കണമെന്ന ആവശ്യവും സംഘം ഉന്നയിക്കും. ഈ സംഭവത്തില്‍ കോടതിയില്‍ നിന്നും അനുകൂലവിധി നേടി ഐജി സുരക്ഷിതനായിരിക്കുകയാണിപ്പോള്‍. മുന്‍ ആഭ്യന്തരമന്ത്രിയുമായുള്ള അടുപ്പം മുതലെടുത്താണ് സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കാതിരുന്നത്. ഇക്കാര്യത്തില്‍ പുതിയ നടപടികള്‍ സ്വീകരിച്ച് ഐജിക്കും മകനുമെതിരേ കേസെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെടും.
പോലിസ് അക്കാദമിയിലെ വീടുകള്‍ക്ക് ഐജി ഹിന്ദുത്വ നാമങ്ങള്‍ നല്‍കിയതും വിവാദമായിരുന്നു. സംഘപരിവാര സഹയാത്രികനായ ഐജിയെ പോലിസ് അക്കാദമിയുടെ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. കേന്ദ്രസര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള ഐജി സുരേഷ് രാജ് പുരോഹിതിനെ മാറ്റുക എളുപ്പമല്ലെന്നാണ് ഉന്നതവൃത്തങ്ങള്‍ പറയുന്നത്. ഇടതുപക്ഷ ഭരണത്തില്‍ ഈ ഐജിയെ സഹിക്കാനാവില്ലെന്നാണ് ഇടതുപക്ഷ അനുകൂല പോലിസ് സംഘടനാ ഭാരവാഹികളുടെ അഭിപ്രായം.
Next Story

RELATED STORIES

Share it