wayanad local

ബീഫ് രാഷ്ട്രീയത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം: സുധീരന്‍

കല്‍പ്പറ്റ: രാജ്യത്തെ മുഖ്യപ്രശ്‌നം ബീഫാണെന്നു വരുത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ബീഫ് രാഷ്ട്രീയത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിന് ചുക്കാന്‍ പിടിക്കുകയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരുമെന്ന് അദ്ദേഹം പറഞ്ഞു.
എടവക രണ്ടേനാലില്‍ യുഡിഎഫ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരവികേന്ദ്രീകരണ ബില്ലിനെ ബിജെപിയോടൊപ്പം നിന്നു പരാജയപ്പെടുത്തിയ സിപിഎമ്മിന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ അര്‍ഹതയില്ല. ബില്ല് പോലും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും തകര്‍ക്കാനുമാണ് സിപിഎം ശ്രമിച്ചത്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന ബില്ല് പാര്‍ലമെന്റില്‍ പാസാക്കിയപ്പോള്‍ രാജ്യസഭയില്‍ ബിജെപിക്കൊപ്പം നിന്ന് സിപിഎം പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് വന്ന നരസിംഹറാവു സര്‍ക്കാരാനാണ് അധികാരവികേന്ദ്രീകരണ ബില്ല് ഇരുസഭകളിലും പാസാക്കിയതെന്നും സുധീരന്‍ പറഞ്ഞു. സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും നയം ഒന്നുതന്നെയാണ്. ആര്‍എസ്എസുകാര്‍ വര്‍ഗീയപരമായി ആളുകളെ ഉന്മൂലനം ചെയ്യുമ്പോള്‍ സിപിഎം രാഷ്ട്രീയപരമായി എതിരാളികളെ ഉന്മൂലം നടത്തുകയാണ്. രണ്ടു വിഭാഗങ്ങള്‍ക്കും നാടിന്റെ വികസനമല്ല, മറിച്ച് അവരുടെ എതിരാളികളെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഇതു തിരിച്ചറിയാന്‍ ജനങ്ങള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികള്‍ മഹാത്മഗാന്ധിയുടെ ഘാതകരെ ആദരിക്കുമ്പോള്‍ ഇതിനെ കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യകക്ഷികള്‍ എതിര്‍ത്തെങ്കിലും സിപിഎം മൗനംപാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടിയാണ് കേന്ദ്ര ഭരണകൂടം സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it