Articles

ബീഫ് മേളകളില്‍ വിളമ്പുന്നത്

എന്‍  പി  ചെക്കുട്ടി
ഗോരക്ഷക സേനകള്‍ അഴിഞ്ഞാടാന്‍ തുടങ്ങിയത് നാലു വര്‍ഷം മുമ്പ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘപരിവാര ഭരണം കേന്ദ്രത്തില്‍ ആരംഭിച്ചതോടെയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും പശുസംരക്ഷണത്തിന്റെ പേരില്‍ പരിവാരപ്പട അതിക്രമങ്ങള്‍ നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ കന്നുകാലികളുമായി പോയ കച്ചവടക്കാരെയും കൃഷിക്കാരെയും തല്ലിക്കൊന്ന് തങ്ങളുടെ വീരകൃത്യം വീഡിയോയിലാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു.
കേരളത്തില്‍ അതിന്റെ നേട്ടം കൊയ്‌തെടുത്തത് സിപിഎമ്മും അതിന്റെ ഭാഗമായ പ്രസ്ഥാനങ്ങളുമാണ്. പ്രചണ്ഡമായ ഒരു പ്രചാരവേലയാണ് അവര്‍ നാട്ടിലെങ്ങും നടത്തിയത്. ബീഫ് ഫെസ്റ്റിവലുകളായിരുന്നു അതില്‍ പ്രധാനം. തെരുവോരങ്ങളിലും അമ്പലപ്പറമ്പിലും വിദ്യാലയവളപ്പിലും ബീഫ് ഫെസ്റ്റിവലുകള്‍ അരങ്ങേറി. സംഘപരിവാര വിരുദ്ധതയുടെ ഈ ആമോദം പൂണ്ട ആഘോഷവേളയില്‍ ആബാലവൃദ്ധം ജനങ്ങള്‍ ബീഫടിച്ച് തങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധത പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുകളില്‍ ഇതിന്റെ നേട്ടമാണ് ഇടതുപക്ഷം കൊയ്‌തെടുത്തത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും പിന്നീട് 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അവര്‍ വമ്പിച്ച വിജയമാണ് കരസ്ഥമാക്കിയത്. സംസ്ഥാനത്ത് നിര്‍ണായകമായ മുസ്‌ലിം വോട്ടുകള്‍ ഒരു വലിയ പരിധിവരെ തങ്ങളുടെ ഭാഗത്തേക്ക് ആകര്‍ഷിക്കുന്നതില്‍ അവര്‍ വിജയിച്ചു. മലപ്പുറം ജില്ലയില്‍ മാത്രമാണ് ഐക്യജനാധിപത്യ മുന്നണിക്ക് ഈ തരംഗത്തെ ചെറുത്തുനില്‍ക്കാനായത്. ബീഫ് ഫെസ്റ്റിവലുകള്‍ അടക്കമുള്ള പ്രചാരവേലയും സംഘപരിവാര വിരുദ്ധ വായ്ത്താരിയും മുസ്‌ലിം വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനു സിപിഎം നേതൃത്വത്തെ സഹായിച്ചിട്ടുണ്ട് എന്നു വ്യക്തം. വൈകാരികതയിലൂന്നിയ ഈ പ്രചാരവേലയുടെ സ്വാധീനം എത്രമാത്രം ആഴത്തില്‍ പോവുമെന്ന് തിരിച്ചറിയുന്നതില്‍ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടുവെന്നതും വാസ്തവം. അവസാന നിമിഷം വരെ, ഡല്‍ഹിയില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ തമ്മിലടിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ഗ്രൂപ്പ്‌പോരിന്റെ ഈ കോലാഹലത്തിനിടയില്‍ കേരളത്തില്‍ തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ചോരുന്നത് അവര്‍ അറിഞ്ഞതേയില്ല.
രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. 2018 അന്ത്യത്തിലോ 2019 തുടക്കത്തിലോ പൊതുതിരഞ്ഞെടുപ്പ് നടക്കും. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന സംഘപരിവാര സര്‍ക്കാരിനെ തകര്‍ത്തെറിയാന്‍ കിട്ടുന്ന അവസരം. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സമത്വാധിഷ്ഠിതമായ ദേശീയതയുടെയും ആശയങ്ങളുടെ പുനരുത്ഥാനത്തിനു രാജ്യത്തിന് കിട്ടുന്ന മറ്റൊരു അവസരം.
എന്തായിരിക്കും പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ പ്രചാരവേലയുടെ ഗതിവിഗതികള്‍ എന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണ്. സംഘപരിവാര വിരുദ്ധത തന്നെയാവും ഇത്തവണയും സുപ്രധാന രാഷ്ട്രീയപ്രശ്‌നമായി ഉയര്‍ന്നുവരുക. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ജനവിരുദ്ധ, വര്‍ഗീയ അജണ്ടയെ ഏറ്റവും ശക്തവും ഫലപ്രദവുമായി ചെറുക്കുന്നതാര് എന്നതാണ് മഹാഭൂരിപക്ഷം വോട്ടര്‍മാരുടെ മുന്നിലും ഉയര്‍ന്നുവരാനിടയുള്ള ചോദ്യം. അത്തരമൊരു ഉരകല്ലില്‍ തന്നെയാണ് അമ്പതുശതമാനത്തിലധികം വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനം സംബന്ധിച്ച അന്തിമതീരുമാനമെടുക്കാന്‍ ഇടയുള്ളതും. കാരണം, കേരളത്തില്‍ മുസ്‌ലിം-ക്രൈസ്തവ സമുദായങ്ങള്‍ ജനസംഖ്യാപരമായി അത്രയേറെ പ്രധാനമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ അനുഭവിച്ച പീഡനങ്ങളുടെ അവസ്ഥ നോക്കിയാല്‍ അവരുടെ സമീപനത്തെ സ്വാധീനിക്കാവുന്ന മുഖ്യഘടകം സംഘപരിവാരത്തോടുള്ള വിവിധ പാര്‍ട്ടികളുടെ നിലപാടു തന്നെയായിരിക്കും എന്നു വ്യക്തം. അതില്‍ വിശേഷിച്ച് മുസ്‌ലിം സമുദായം ഇക്കാര്യത്തില്‍ അത്രമേല്‍ ഉല്‍ക്കണ്ഠാകുലരുമാണ്.
രാഷ്ട്രീയത്തില്‍ പ്രചാരവേലയും പ്രകടനാത്മകതയുമാണ് ഒരു വലിയ ശതമാനം വോട്ടര്‍മാരെ സ്വാധീനിക്കുന്നത് എന്നു തീര്‍ച്ച. പ്രകടനാത്മകമായ സംഘപരിവാര വിരുദ്ധതയില്‍ സിപിഎമ്മിനു വലിയ മൈലേജ് നല്‍കിയ പരിപാടിയായിരുന്നു നാട്ടിലെങ്ങും ആഘോഷമായി നടത്തപ്പെട്ട ബീഫ് ഫെസ്റ്റിവലുകള്‍. അതിനാല്‍ തീര്‍ച്ചയായും അധികം വൈകാതെ കേരളം വീണ്ടും ബീഫ് മേളയുടെ ആഘോഷഭൂമിയായി പരിണമിക്കുമെന്ന് തീര്‍ച്ച. മൂരിയിറച്ചിയും പോത്തിറച്ചിയും മൂക്കുമുട്ടെ സേവിക്കാന്‍ കിട്ടുന്ന അവസരം. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയചേരിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇതിനേക്കാള്‍ സൗകര്യപ്രദമായ മറ്റൊരു വഴിയില്ല. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നൊരാള്‍ പറഞ്ഞില്ലേ. നെയ്യപ്പം തിന്നുകയും ചെയ്യാം; മീശ മിനുക്കുകയും ചെയ്യാം. ഫാഷിസ്റ്റ് വിരുദ്ധ ബീഫ് മേളകളില്‍ അണിനിരന്നാലും ഇതേ ഗുണമാണ്. ബീഫടിച്ച് ഏമ്പക്കം വിടുകയും ചെയ്യാം; ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടനിരയില്‍ പ്രതീകാത്മകമായി പങ്കെടുക്കുകയും ചെയ്യാം.
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ഉപയോഗിച്ച ഇതേ തന്ത്രം തന്നെയാണ് ഇത്തവണയും സിപിഎം സ്വീകരിക്കാന്‍ പോവുന്നത് എന്നതിനു തെളിവ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തലേന്ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്ന വാദമുഖങ്ങള്‍ തന്നെ. ആര്‍എസ്എസ് ഭീഷണി നേരിടാനും കോണ്‍ഗ്രസ്സിന്റെ ഉദാരവല്‍ക്കരണ നയങ്ങളെ ചെറുക്കാനും കഴിയണമെങ്കില്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടം ശക്തമാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഉദാരവല്‍ക്കരണ നയങ്ങള്‍ കോണ്‍ഗ്രസ്സിന്റെ മാത്രം സ്വകാര്യസ്വത്തല്ല എന്ന് കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്തെ ചരിത്രം പരിശോധിക്കുന്ന എല്ലാവര്‍ക്കുമറിയാം. കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല ഈ നയങ്ങള്‍ നടപ്പാക്കിയത്. മൂന്നു പതിറ്റാണ്ട് ബംഗാള്‍ ഭരിച്ച സിപിഎമ്മും വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന പ്രാദേശിക രാഷ്ട്രീയകക്ഷികളും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം കൈയാളിയ ബിജെപിയും ഒക്കെത്തന്നെ ഇതേ നയങ്ങള്‍ തന്നെയാണു പിന്തുടര്‍ന്നുപോന്നത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും അതേ നയങ്ങള്‍ തന്നെയാണ് അനുവര്‍ത്തിക്കുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്-ബിജെപി ഭരണകാലങ്ങളില്‍ തഴച്ചുവളര്‍ന്നത് ചങ്ങാത്ത മുതലാളിത്തമാണ്. രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥ പ്രമാണിമാരും വ്യവസായ സാമ്രാജ്യങ്ങളും ഒന്നിച്ചു കൈകോര്‍ത്ത് ജനങ്ങളെ പിഴിയുന്ന സമത്വസുന്ദര സംവിധാനം. നാട്ടിലെയും മറുനാട്ടിലെയും സൗകര്യങ്ങളും സംവിധാനങ്ങളും അവര്‍ അതിന് ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ഭരണാധികാരികളും വിദേശ മുതലാളിമാരും നാടന്‍ ഉദ്യോഗസ്ഥന്മാരും അവരുടെ പിണിയാളുകളും കുടുംബങ്ങളും ചേര്‍ന്നു വിശാലമായ ഒരു ജനവിരുദ്ധ മുന്നണി തന്നെയാണ് ഈ നയങ്ങള്‍ ആഘോഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി ഭരണാധികാരികള്‍ക്ക് ലണ്ടനും ജനീവയും ന്യൂയോര്‍ക്കും ഒക്കെയാണ് തങ്ങളുടെ കച്ചവടബന്ധങ്ങള്‍ക്ക് ആസ്ഥാനമായി ഭവിക്കുന്നതെങ്കില്‍ കേരളത്തിലെ നേതാക്കളില്‍ പലര്‍ക്കും അത് ദുബയും സിംഗപ്പൂരും മറ്റുമാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.
അതിനാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഉദാരവല്‍ക്കരണ വിരുദ്ധ വായ്ത്താരി മാത്രം മതിയാവില്ല. അതിനു പറ്റിയ ഒറ്റമൂലി, സംഘപരിവാര വിരുദ്ധതയുടെ മല്‍സരവേദിയില്‍ ഒന്നാംസ്ഥാനം പിടിക്കുക തന്നെയാണെന്ന് സഖാക്കള്‍ക്കറിയാം. ഇത്തവണ അത് ദേശീയതലത്തില്‍ തന്നെ മുഖ്യ രാഷ്ട്രീയപ്രശ്‌നമായി സിപിഎം ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ഏപ്രിലില്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയപ്രമേയത്തില്‍, ആര്‍എസ്എസ് നയിക്കുന്ന കേന്ദ്ര ഭരണകൂടത്തെ എതിര്‍ക്കുകയാണ് മുഖ്യകടമയെന്ന് വിശദീകരിക്കുന്നു. അതിനു വേണ്ട പ്രായോഗികമായ അടവുകള്‍ സംബന്ധിച്ച തര്‍ക്കമാണ് ദേശീയതലത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ്സുമായി ഇക്കാര്യത്തില്‍ ഏതുതരത്തിലുള്ള നീക്കുപോക്കുകളാവാം എന്ന വിഷയത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ്സുമായി ഒരു നീക്കുപോക്കും പാടില്ലെന്ന നിലപാടെടുത്ത കേരള നേതൃത്വം സ്വാഭാവികമായും സംഘപരിവാരത്തിനെതിരായ സമരത്തില്‍ തങ്ങളാണ് ഏറ്റവും മുന്നിലെന്ന് തെളിയിക്കാനാണ് കച്ചകെട്ടിയിറങ്ങുക. അത് വോട്ടാക്കി മാറ്റാവുന്ന തന്ത്രമാണെന്നും അവര്‍ക്കറിയാം.
അതിനാല്‍ കണ്ണൂര്‍ അടക്കമുള്ള കേരളത്തിലെ സംഘര്‍ഷമേഖലകളില്‍ വീണ്ടും കൊലക്കത്തികളുടെ ഇളകിയാട്ടം വരുംമാസങ്ങളില്‍ പ്രതീക്ഷിക്കാവുന്നതാണ്. ആഭ്യന്തരമായി ശൈഥില്യം നേരിടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം അക്രമാസക്തമായ തന്ത്രങ്ങള്‍ സ്വീകരിക്കുന്നത് അണികളെ ഒന്നിപ്പിച്ചുനിര്‍ത്താനും സംഘപരിവാര വിരുദ്ധ മനോഭാവമുള്ള സാധാരണജനങ്ങളുടെ പ്രീതി നേടാനും പ്രയോജനകരമായിരിക്കും.
പക്ഷേ, ഇത്തവണ ബീഫ് ഫെസ്റ്റിവലുകള്‍ അരങ്ങേറുമ്പോള്‍ മുസ്‌ലിം സമുദായം എത്രത്തോളം അതില്‍ ആത്മാര്‍ഥമായി സഹകരിക്കുമെന്ന ചോദ്യം പ്രസക്തമാണ്. കാരണം, ബീഫിന്റെ പേരില്‍ തങ്ങളുടെ വായില്‍ തിരുകുന്നത് ആരുടെ മാംസമാണ് എന്ന ചോദ്യം ഇപ്പോള്‍ മലബാറിലെങ്കിലും സമുദായമധ്യത്തില്‍ പ്രചരിക്കുന്നുണ്ട്. സമീപദിവസങ്ങളില്‍ കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ സജീവ പിന്തുണയോടെ മട്ടന്നൂരില്‍ ഒരു മുസ്‌ലിം യുവാവിനെ പ്രകോപനമേതുമില്ലാതെ 41 വെട്ടു വെട്ടി ശരീരം ശകലിതമാക്കി കഥകഴിച്ചുകളഞ്ഞത് സമുദായത്തിനകത്ത് ഉണ്ടാക്കിയ ഞെട്ടലും ആഘാതവും ചെറുതല്ല. കാരണം, ശുഹൈബ് എന്ന ചെറുപ്പക്കാരന്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. 1987 മുതല്‍ സിപിഎമ്മിന് മലബാറില്‍ ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കിയ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ കാന്തപുരം വിഭാഗത്തിന്റെ ജില്ലയിലെ പ്രധാനപ്പെട്ട പ്രവര്‍ത്തകനുമായിരുന്നു അയാള്‍.
കണ്ണൂരിനെ സംബന്ധിച്ചിടത്തോളം ശുഹൈബിന്റെ കൊല സമീപകാലത്തായി ശക്തിപ്രാപിച്ചു വരുന്ന ഒരു പുതിയ പ്രതിഭാസത്തിന്റെ ലക്ഷണമാണ്. അത് ഗോരക്ഷകപ്പടയുടെ പുതിയ കേരളീയ അവതാരങ്ങളുടെ പടപ്പുറപ്പാടാണ് ചൂണ്ടിക്കാണിക്കുന്നത്. ഒരുഭാഗത്ത് ന്യൂനപക്ഷ സംരക്ഷണത്തിന്റെ വക്താക്കളായി സ്വയം ചമയുകയും മറുവശത്ത് സംഘപരിവാരത്തിന്റെ ന്യൂനപക്ഷവിരുദ്ധ അജണ്ട ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്ന ദ്വിമുഖതന്ത്രമാണ് ഈ സംഭവങ്ങളിലൂടെ വെൡയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് ഒരു പതിറ്റാണ്ടായി കണ്ണൂരില്‍ ഇത്തരമൊരു ഇരട്ടമുഖമുള്ള രാഷ്ട്രീയതന്ത്രം സിപിഎം പ്രയോഗവല്‍ക്കരിക്കാന്‍ തുടങ്ങിയിട്ട്.
അതു തുടങ്ങിയത് 12 വര്‍ഷം മുമ്പ് തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ വധത്തിലൂടെയാണ്. അയാള്‍ നേരത്തേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. പെരുന്നാള്‍ദിനത്തിനു തലേന്ന് പള്ളിയില്‍ പുലര്‍ച്ചെ നമസ്‌കരിച്ചു തേജസ് പത്രത്തിന്റെ കെട്ട് എടുത്ത് വിതരണത്തിനായി പോവുന്ന അവസരത്തിലാണ് ഫസലിനെ വെട്ടിവീഴ്ത്തിയത്. യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനും പ്രതികള്‍ ആര്‍എസ്എസ് ആണെന്ന പ്രചാരവേലയിലൂടെ പ്രദേശത്ത് സാമുദായിക സംഘര്‍ഷം സൃഷ്ടിച്ച് അതില്‍ നിന്നു നേട്ടം കൊയ്യാനുമാണ് അന്നു പാര്‍ട്ടി നേതൃത്വം പരിശ്രമിച്ചത്. അത്തരം പ്രചാരവേലയ്ക്ക് അന്നു നേതൃത്വം കൊടുത്തത് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തന്നെയായിരുന്നു. പക്ഷേ, അതു വിലപ്പോയില്ല. ഫസലിന്റെ കുടുംബം നടത്തിയ തീക്ഷ്ണമായ നിയമപോരാട്ടത്തിനൊടുവില്‍ കേസ് സിബിഐ ഏറ്റെടുത്ത് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയത് സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ തന്നെയാണ്.
ആറു വര്‍ഷം മുമ്പ് തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ എന്ന യുവാവിന്റെ കൊലയിലും ഇതേ തന്ത്രം തന്നെയാണു കാണാന്‍ കഴിയുക. സിപിഎം ജില്ലാ സെക്രട്ടറിയുടെ കാറിന് കല്ലെറിഞ്ഞുവെന്ന കുറ്റത്തിനാണ് ഒരു വയലില്‍ വച്ച് മൂന്നു മണിക്കൂര്‍ പിടിച്ചുനിര്‍ത്തി വിചാരണ ചെയ്തശേഷം എംഎസ്എഫിന്റെ പ്രവര്‍ത്തകനായ ഷുക്കൂറിനെ വെട്ടിവീഴ്ത്തിയത്. അയാളുടെ കുടുംബവും കേസ് സിബിഐയെ ഏല്‍പിക്കണമെന്ന ആവശ്യവുമായി നിയമപോരാട്ടത്തിലാണ്. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ തന്നെയാണ് ആ കൊലയുടെ പിന്നിലും പ്രവര്‍ത്തിച്ചത് എന്നു കുടുംബം ആരോപിക്കുന്നു.
ഈ കൊലപാതക പരമ്പരകളില്‍ ഇരയായിവന്നത് ന്യൂനപക്ഷ സമുദായത്തിലെ ഏറ്റവും കഴിവുള്ളവരും ഭാവിയിലെ വാഗ്ദാനങ്ങളുമായ യുവജനങ്ങള്‍ മാത്രമാണ്. ഓരോ തവണയും കൃത്യമായ ആസൂത്രണത്തോടെയാണ് അവരെ വെട്ടിവീഴ്ത്തിയത്. ഒരുതരത്തിലുള്ള സംഘര്‍ഷവും വധിക്കപ്പെട്ടവര്‍ക്കോ ബന്ധപ്പെട്ട സമുദായത്തിനോ കൊലയാളികളുമായോ അവരുടെ പാര്‍ട്ടിയുമായോ ഉണ്ടായിരുന്നില്ല. അവര്‍ വിവിധ രാഷ്ട്രീയകക്ഷികളിലാണ് പ്രവര്‍ത്തിച്ചത്. കൊലക്കത്തിക്ക് ഇരയാവാന്‍ ഒരേയൊരു കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത് തങ്ങളുടെ സമൂഹത്തിനും സമുദായത്തിനും ഭാവിയിലെ പ്രതീക്ഷയായിരുന്നു ഈ യുവാക്കള്‍ എന്നതാണ്.
അതു വേദനാപൂര്‍ണവും സ്‌തോഭജനകവുമായ ഒരു കണ്ടെത്തലാണ്. എങ്ങനെയാണ് സംഘപരിവാര അജണ്ടകള്‍ കേരളത്തിലെ ഇടതുപക്ഷത്തിനകത്ത് സ്വാധീനം നേടിയത് എന്ന ചോദ്യത്തിന് ഉത്തരം കാണണമെങ്കില്‍ തൊട്ടടുത്ത നാദാപുരം പ്രദേശത്തെ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ-സാമുദായിക സംഘര്‍ഷങ്ങളുടെ ചരിത്രം പഠിക്കണം. അവിടെ സിപിഎം തന്നെയാണ് പരമ്പരാഗതമായി സംഘപരിവാരത്തിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ അത് അല്‍പം വടക്കോട്ടു വ്യാപിച്ച് തലശ്ശേരിയിലും തളിപ്പറമ്പിലും മട്ടന്നൂരിലും എത്തിയിരിക്കുന്നു. ഇതാണ് പോക്കെങ്കില്‍ അഖില കേരളത്തിലും സ്ഥിതി അതുതന്നെയാണെന്നു വരാന്‍ അധികസമയം വേണ്ടിവരില്ല.
അതിനാല്‍ ഇത്തവണ ബീഫ് ഫെസ്റ്റിവലിലേക്ക് ഓടുമ്പോള്‍ ഓര്‍ക്കുക: അവിടെ വിളമ്പുന്നത് കാളയിറച്ചി മാത്രമല്ല; അതില്‍ സ്വന്തം സഹോദരന്റെ ചോരയും മാംസവും അടങ്ങിയിരിക്കുന്നു. കണ്ണൂരിലെ 'ദേവദൂതന്മാര്‍' വിളമ്പുന്നത് പിശാചിന്റെ സദ്യയാണ്; സത്യവിശ്വാസികള്‍ക്ക് അതു നിഷിദ്ധവുമാണ്.                                       ി
Next Story

RELATED STORIES

Share it