Flash News

ബീഫ്, മദ്യ നിരോധന നടപടികളെ വിമര്‍ശിച്ച് നീതി ആയോഗ് സിഇഒ



ന്യൂഡല്‍ഹി:  വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബീഫ്, മദ്യ നിരോധന നടപടികളെ വിമര്‍ശിച്ച് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്. ഇത്തരം നിരോധനങ്ങള്‍ രാജ്യത്തിന്റെ വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര എകോണമിക്‌സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളോട് എന്തു ഭക്ഷിക്കണമെന്ന് നിര്‍ദേശിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല. ഭക്ഷണശീലങ്ങള്‍ വ്യക്തിപരമാണ്, അതില്‍ ഭരണകൂടം ഇടപെടേണ്ടകാര്യമില്ല. ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കപ്പെടുമ്പോള്‍ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളിലൊന്നാണു തടസ്സപ്പെടുന്നത്. സഞ്ചാരികള്‍ പിന്തിരിയുന്നത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം എന്നത് ഒരു നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ പൈതൃകം വിളിച്ചോതുന്ന നിരവധി സ്ഥലങ്ങള്‍ രാജ്യത്തുള്ളപ്പോള്‍ നമ്മള്‍ ആദ്യം പരിഗണിക്കേണ്ടകാര്യം ഇവ വൃത്തിയോടെ കാത്തുസൂക്ഷിക്കുകയാണെന്നും അമിതാഭ് കാന്ത് പറഞ്ഞു. പുതിയ കാഴ്ചകള്‍ തേടിയാണു വിനോദസഞ്ചാരികള്‍ ഇന്ത്യയിലെത്തുന്നത്, ചിലര്‍ ശാന്തത ഇഷ്ടപ്പെടുന്നു. അവര്‍ക്ക് ഇന്ത്യന്‍സംസ്‌കാരത്തില്‍ ഊന്നിയ അനുഭവങ്ങള്‍ നല്‍കാന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയില്‍ ഗുജറാത്ത്, ബിഹാര്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ മദ്യനിരോധനം നടപ്പാക്കിയിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യനിരോധനം പരിഗണിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it