Flash News

ബീഫ്: ബിജെപിയില്‍ രാജി

ബീഫ്: ബിജെപിയില്‍ രാജി
X


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വിജ്ഞാപനത്തെത്തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കുള്ളിലെ പൊട്ടിത്തെറി തുടരുന്നു. മാട്ടിറച്ചി കഴിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി മേഘാലയ നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ അധ്യക്ഷന്‍ ബച്ചു മരാഖാ രാജിവച്ചു. പൗരന്റെ ഭക്ഷണസ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ലെന്ന് അദ്ദേഹം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഗാരോ സംസ്‌കാരത്തെയും പാരമ്പര്യത്തേയും ഭക്ഷണ ശീലങ്ങളേയും ബിജെപി പരിഗണിക്കുന്നില്ല. ഗോമാംസം തങ്ങളുടെ പരമ്പരാഗത ഭക്ഷണമാണ്. പാര്‍ട്ടിയുടെ മതേതരവിരുദ്ധ ആശയം അടിച്ചേല്‍പ്പിക്കുന്നത് സ്വീകാര്യമല്ല. സംസ്ഥാനത്തെ ജനങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കാന്‍ സാധിക്കില്ലെന്നും ബിജെപിക്ക് മേഘാലയയില്‍ മാട്ടിറച്ചി വില്‍പന തടയാന്‍ കഴിയില്ലെന്നും ബച്ചു പറഞ്ഞു.
ഒരുവിഭാഗം ബിജെപിനേതാക്കള്‍ ഈ മാസം 10ന് സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുക്കുമെന്നു ബച്ച് അറിയിച്ചിട്ടുണ്ട്. മാട്ടിറച്ചി വിഷയത്തില്‍ ബിജെപി വിടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ് ബച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം മദ്യവും മാട്ടിറച്ചിയും വിളമ്പി ആഘോഷിക്കണമെന്ന് ബച്ചു ഫേസ്ബുക്കില്‍ അഭിപ്രായമിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.
മാട്ടിറച്ചി വിഷയത്തില്‍ കഴിഞ്ഞയാഴ്ച വെസ്റ്റ് ഗാരോ ഹില്‍സ് ബിജെപി അധ്യക്ഷന്‍ ബര്‍ണാഡ് മറാക് രാജിവച്ചിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ഭരണം കിട്ടിയാല്‍ കുറഞ്ഞ വിലയ്ക്ക് ഗോമാംസം ലഭ്യമാക്കുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതെസമയം, ബച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു. ജനങ്ങള്‍ക്കുമേല്‍ ഭരണഘടനാ വിരുദ്ധമായ ഒന്നും അടിച്ചേല്‍പിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

[related]
Next Story

RELATED STORIES

Share it