ബീഫ് കഴിച്ചെന്നാരോപണം: ബംഗളുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു മര്‍ദ്ദനം

ബംഗളൂരു: ബീഫ് കഴിച്ചെന്നാരോപിച്ച് ബംഗളൂരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂര മര്‍ദ്ദനം. ഒരാളുടെ നില ഗുരുതരമാണ്. ഭൂപസാന്ദ്രയിലെ സഞ്ജയ് നഗറിലാണു സംഭവം.
വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളായ നിഖില്‍ കാമേശ്വര്‍, മെര്‍വിന്‍ മൈക്കിള്‍ ജോയ്, മുഹമ്മദ് ഹാഷിര്‍ എന്നിവരെയാണ് ഒരുസംഘം പ്രദേശവാസികള്‍ മര്‍ദ്ദിച്ചത്. സഞ്ജയ് നഗറില്‍ ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം ലാത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
തലയ്ക്കു പരിക്കേറ്റ മെര്‍വിനെ ആദ്യം ശിവാജി നഗറിലെ ബൗറിങ് ആന്റ് ലേഡി കഴ്‌സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ നിംഹാന്‍സിലേക്ക് മാറ്റി. മറ്റു രണ്ടുപേര്‍ക്കും നിസ്സാര പരിക്കേറ്റു. ഇവരുടെ താമസസ്ഥലത്തിനു സമീപം ക്ഷേത്രമുള്ളതിനാല്‍ ബീഫ് കഴിക്കരുതെന്നു നാട്ടുകാര്‍ താക്കീത് ചെയ്തിരുന്നെന്നും എന്നാല്‍ ഇതു മറികടന്ന് ഇവര്‍ മാംസം പാകംചെയ്തു കഴിച്ചതാണ് മര്‍ദ്ദനത്തിലേക്കു നയിച്ചതെന്നുമാണ് പോലിസ് വിശദീകരണം. വിദ്യാര്‍ഥികളുടെ പരാതിയില്‍ സഞ്ജയ് നഗര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it